തിരുവനന്തപുരം: സംസ്ഥാനത്തെ 248 സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രധാനാധ്യാപകരില്ലാത്തത് വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ഹെഡ്മാസ്റ്റര്‍ നിയമനം വൈകുന്നതിനാല്‍ സ്‌കൂളുകളുടെ ദൈനംദിന ഭരണഅക്കാദമിക് പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയിരിക്കുകയാണ്. കൃത്യസമയത്ത് നടത്തേണ്ട പ്രമോഷന്‍ നടപടികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വൈകിപ്പിക്കുന്നതാണ് ഈ സ്ഥിതിക്ക് കാരണമെന്ന് വിമര്‍ശനം ഉയരുന്നു.

ഹെഡ്മാസ്റ്റര്‍ നിയമനത്തിനുള്ള പ്രമോഷന്‍ നടപടികള്‍ നിലച്ചതോടെ പുതിയ അധ്യാപക നിയമനങ്ങളും അവതാളത്തിലായി. ഹെഡ്മാസ്റ്റര്‍ തസ്തികയ്ക്ക് തുല്യമായ അസിസ്റ്റന്റ് എജ്യുക്കേഷണല്‍ ഓഫീസര്‍  തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റവും ഇതോടെ തടസപ്പെട്ടു. സീനിയര്‍ അധ്യാപകര്‍ക്ക് ഹെഡ്മാസ്റ്ററായോ എഇഒയായോ സ്ഥാനക്കയറ്റം ലഭിച്ചാല്‍ മാത്രമാണ് താഴെത്തട്ടിലെ ഒഴിവുകള്‍ നികത്താനുള്ള നടപടികള്‍ ആരംഭിക്കാന്‍ കഴിയുക. അതിനാല്‍ നിലവിലെ കാലതാമസം നിയമന സംവിധാനത്തെ ആകെ ബാധിക്കുകയാണെന്നാണ് ആക്ഷേപം.

ഏറ്റവും കൂടുതല്‍ ഹെഡ്മാസ്റ്റര്‍ ഒഴിവുള്ളത് എറണാകുളം ജില്ലയിലാണ്. ഇവിടെ 38 സര്‍ക്കാര്‍ സ്‌കൂളുകളിലാണ് പ്രധാനാധ്യാപകരില്ലാത്തത്. ഇടുക്കിയില്‍ 37, കാസര്‍കോട് 29, കോട്ടയം 25, കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളില്‍ 19 വീതം, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ 17 വീതം, പാലക്കാട് 15, വയനാട്, പത്തനംതിട്ട ജില്ലകളില്‍ 11 വീതം, കൊല്ലം 7, തിരുവനന്തപുരം 3 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.

പ്രധാനാധ്യാപകരില്ലാത്തതിനാല്‍ സ്‌കൂളുകളിലെ ഭരണപരമായ തീരുമാനങ്ങള്‍, അധ്യയന പ്രവര്‍ത്തനങ്ങളുടെ ഏകോപനം, ഓഫീസ് നടപടികള്‍ എന്നിവയെല്ലാം പ്രതികൂലമായി ബാധിക്കുകയാണെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, എയ്ഡഡ് സ്‌കൂളുകളില്‍ പ്രമോഷനും നിയമനവും കൃത്യസമയത്ത് നടക്കുമ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാത്രം നിയമന നടപടികള്‍ വൈകുന്നത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

പുതിയ അധ്യയന വര്‍ഷം ആരംഭിച്ചിട്ടും ഒഴിവുകള്‍ നികത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കാത്തതില്‍ അധ്യാപകരും രക്ഷിതാക്കളും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയാണ്. ഹെഡ്മാസ്റ്റര്‍ നിയമന നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നാണ് വിവിധ അധ്യാപക സംഘടനകളുടെ ആവശ്യം.