കോഴിക്കോട്: മാറാട് സ്വദേശിനിയായ യുവതിയെ 2021 മുതൽ നിരന്തരം ശല്യപ്പെടുത്തുകയും ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. മാറാട് നീർമൂച്ചി സ്വദേശി തെക്കേപുറത്ത് വീട്ടിൽ അലി അക്ബർ(50) ആണ് മാറാട് പൊലീസിന്റെ പിടിയിലായത്.

യുവതിയെ ഫോണിലൂടെയും നേരിട്ടും പിന്തുടർന്ന് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായാണ് പരാതി. യുവതിയുടെ ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ കഴുത്തറുത്ത് കൊല്ലുമെന്നും മകളുടെ വിവാഹം മുടക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി ഇയാൾ യുവതിയെ നിരന്തരം ഉപദ്രവിക്കുകയായിരുന്നു എന്ന് യുവതി പരാതിയിൽ പറയുന്നു.

മാനസികമായി തളർന്ന യുവതി ഒടുവിൽ മാറാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതി ലഭിച്ച ഉടൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.അലി അക്ബറിനെതിരെ ഇതേ സ്റ്റേഷനിൽ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയതിനും മുൻപ് കേസ് നിലവിലുണ്ട്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് മാറാട് പൊലീസ് അറിയിച്ചു