ലണ്ടൻ: ലണ്ടനിൽ പഞ്ചാബ് സ്വദേശിയായ 24-കാരി കിരൺദീപ് കൗർ കുത്തേറ്റ് മരിച്ചു. പടിഞ്ഞാറൻ ലണ്ടനിലെ ഹെയ്‌സിലുള്ള ഇവരുടെ വസതിയിൽ അതിക്രമിച്ചു കയറിയ അക്രമി നടത്തിയ ആക്രമണത്തിലാണ് യുവതിക്ക് ദാരുണാന്ത്യമുണ്ടായത്. കഴിഞ്ഞ ഞായറാഴ്ച കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കിരൺദീപിനെ അക്രമി മാരകായുധം ഉപയോഗിച്ച് കുത്തുകയായിരുന്നു.
ആക്രമണത്തിൽ കിരൺദീപിന്റെ ഭർത്താവിനും ഗുരുതരമായി പരിക്കേറ്റു. വീടിന് വെളിയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഡാനിയൽ സീൻ ജെയിംസ് എന്നയാളെ യുകെ പോലീസ് അറസ്റ്റ് ചെയ്തു.
അക്രമത്തിന് ശേഷം ജനലിലൂടെ ചാടിയ പ്രതിക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ കൊലപാതകം, കൊലപാതകശ്രമം, മാരകായുധം കൈവശം വെക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
ഈ സംഭവം വംശീയാക്രമണമാണെന്ന് കിരൺദീപിന്റെ കുടുംബം ആരോപിക്കുന്നുണ്ടെങ്കിലും, പോലീസ് ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഏതാനും ആഴ്ചകൾക്ക് മുൻപ് മാത്രമാണ് കിരൺദീപ് ഒരു കുഞ്ഞിന് ജന്മം നൽകിയത്. രണ്ട് വർഷം മുൻപ് സ്റ്റുഡന്റ് വിസയിലാണ് കിരൺദീപ് യുകെയിലെത്തിയത്.മാതാപിതാക്കൾ തങ്ങളുടെ കൃഷിഭൂമി വിറ്റാണ് മകളുടെ വിദേശ പഠനത്തിനും ജീവിതത്തിനുമായി പണം കണ്ടെത്തിയത്. മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കണമെന്നും പ്രതിക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.