ദുബൈ: ഹോർമുസ് കടലിടുക്കിൽ ഒമാൻ തീരത്തിന് സമീപം വാണിജ്യ ചരക്കുകപ്പലിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചതായി സ്ഥിരീകരണം. 'ജിഎഫ്എസ് ഗാലക്സി' എന്ന കപ്പലിലെ ജീവനക്കാരനാണ് മരിച്ചത്. ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റാണ് മരണം സ്ഥിരീകരിച്ചത്.
ഈ മാസം 12-നായിരുന്നു കപ്പലിന് നേരെ ആക്രമണമുണ്ടായത്. അപകടത്തിൽപ്പെട്ട കപ്പലിലുണ്ടായിരുന്ന മറ്റ് പത്ത് ഇന്ത്യൻ ജീവനക്കാരെ നേരത്തെ സുരക്ഷിതമായി രക്ഷപ്പെടുത്തിയിരുന്നു. മരണപ്പെട്ട ജീവനക്കാരന്റെ കുടുംബത്തെ ഇന്ത്യൻ കോൺസുലേറ്റ് അനുശോചനം അറിയിച്ചു. യു.എ.ഇയിലെ ഷിപ്പിങ് കമ്പനിയുമായി സഹകരിച്ച് കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി.
അതിനിടെ, കഴിഞ്ഞ ദിവസം ഹോർമുസിൽ നടന്ന മറ്റൊരു ആക്രമണത്തിൽ പരുക്കേറ്റ 10 ഇന്ത്യക്കാരെ യു.എ.ഇയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഫുജൈറ, ഖൊർഫക്കാൻ, ദിബ്ബ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഇവർ ചികിത്സയിലുള്ളത്. ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ ആശുപത്രികളിലെത്തി പരുക്കേറ്റവരെയും രക്ഷപ്പെട്ട മറ്റ് ജീവനക്കാരെയും സന്ദർശിച്ചു