തിരുവനന്തപുരം: നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരമുള്ള രേഖകൾ നൽകാനാവില്ലെന്ന് പിഎസ്സി. രേഖകൾ നൽകണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെ നിയപരമായി നേരിടാനാണ് പിഎസ്‌സിയുടെ തീരുമാനം.
ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയുടെ രേഖകൾ നൽകാനായിരുന്നു വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. പരീക്ഷയിലെ മൂന്നാം റാങ്കുകാരനായ ശ്യാം കൃഷ്ണൻ ആണ് വിവരാവകാശ കമ്മീഷനെ സമീപിച്ചിരുന്നത്.
സംസ്ഥാന പ്ലാനിങ് ബോർഡിലെ മൂന്ന് ചീഫ് തസ്തികകളിലേക്ക് നടത്തിയ പരീക്ഷയിലാണ് ക്രമക്കേട് ആരോപണം ഉയർന്നത്. ഈ പരീക്ഷയിൽ മൂന്ന്, അഞ്ച് റാങ്കുകൾ നേടിയ ഉദ്യോഗാർഥികൾ തങ്ങൾക്ക് ലഭിച്ച മാർക്കിൽ സംശയം തോന്നി വിവരാവകാശ നിയമപ്രകാരം ഉത്തര പേപ്പറുകളുടെ പകർപ്പ് എടുത്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പരീക്ഷയിലെ ആകെ 100 മാർക്കിൽ, 58 മാർക്ക് വരുന്ന 10 വിവരണാത്മക ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെയാണ് പിഎസ്‌സി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതെന്ന് കണ്ടെത്തി. ഉത്തര പേപ്പറുകൾ കമ്പ്യൂട്ടർ സ്ക്രീൻ വഴി നോക്കുന്ന ഓൺ-സ്ക്രീൻ മാർക്കിങ് സിസ്റ്റത്തിൽ വന്ന സാങ്കേതിക പിഴവ് മൂലമാണ് ഈ 10 ചോദ്യങ്ങൾ ആരുടെയും മൂല്യനിർണയത്തിന് പോകാതിരുന്നതെന്നാണ് പിഎസ്സിയുടെ ഔദ്യോഗിക വിശദീകരണം. പരീക്ഷ എഴുതിയ 228 ഉദ്യോഗാർത്ഥികളുടെയും ഈ 58 മാർക്കിന്റെ ചോദ്യങ്ങൾ മൂല്യനിർണയം ചെയ്യപ്പെട്ടിരുന്നില്ല എന്നാണ് പിഎസ്‌സിയുടെ നിലപാട്. ഇത്രയും വലിയ മാർക്ക് ഒഴിവാക്കി തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ നിന്ന് ഒന്നാം റാങ്കുകാരന് ഇതിനോടകം നിയമനം നൽകുകയും ചെയിരുന്നു. ക്രമക്കേട് ആരോപണം ഉയർന്നതോടെ അന്വേഷണത്തിനായി പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ സർക്കാർ നിയോഗിച്ചിരുന്നു. ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വിവരങ്ങൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘവും പിഎസ്സിക്ക് കത്ത് നൽകിയിട്ടുണ്ട്.