കൊയിലാണ്ടി : നിർമാണം പാതിവഴിയിലായ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിൽ കന്ന്യോറമല വഴിയുള്ള വാഹനയാത്രയ്ക്ക് നിയന്ത്രണം വേണമെന്നാവശ്യം ശക്തമാകുന്നു.
മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന കൊല്ലം- കുന്ന്യോറമല ബൈപ്പാസ് റോഡിലൂടെ ഇരുചക്രവാഹനങ്ങളും കാറുകളും സഞ്ചരിക്കുന്നത് വലിയ ദുരന്തത്തിനിടയാക്കിയേക്കുമെന്ന് ആശങ്ക നാട്ടുകാരിലുണ്ട്നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമാണത്തിന്റെ ഭാഗമായാണ് കുന്ന്യോറമല 20 മീറ്ററിലധികമുള്ള താഴ്ചയിൽ കുത്തനെ മണ്ണെടുത്ത് മാറ്റി റോഡ് നിർമിച്ചത്.
പെട്ടെന്ന് ഇടിഞ്ഞുവീഴാൻ സാധ്യതയേറെയുള്ള ഒരുതരം ചേടിമണ്ണാണിവിടെ. ഒരുതരത്തിലുള്ള സുരക്ഷയും ഏർപ്പെടുത്താതെയാണ് ദേശീയപാത നിർമാണപ്രവൃത്തി കരാറെടുത്തവർ ഇവിടെ മണ്ണിടിച്ച് റോഡ് നിർമിച്ചത്. കുന്നിന്റെ പടിഞ്ഞാറും കിഴക്കും ഭാഗങ്ങൾ ഇടിയാൻ തുടങ്ങിയതോടെ പടിഞ്ഞാറ്ുഭാഗത്തുമാത്രം മതിൽ സംരക്ഷണത്തിന് സോയിൽ നെയ്‌ലിങ് നടത്തിയിരുന്നു. എന്നിട്ടും മണ്ണിടിച്ചിൽ ഉണ്ടായി. തുടർന്ന് പരിസരവാസികളുടെ എതിർപ്പിനെത്തുടർന്നാണ് പടിഞ്ഞാറ്ുഭാഗത്ത് കോൺക്രീറ്റ് മതിൽനിർമാണം ആരംഭിച്ചത്. എന്നാൽ, കിഴക്കുഭാഗത്ത് ഒരുതരത്തിലുള്ള സുരക്ഷാനടപടിയും സ്വീകരിച്ചില്ല.
ഏതുനിമിഷവും മണ്ണിടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ ഇതുവഴിയുള്ള ഗതാഗതം എൻ.എച്ച്.എ.ഐ അധികൃതർ ബാരിക്കേഡ് വെച്ച് തടഞ്ഞതാണ്. മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചു. എന്നിട്ടും ഇതൊന്നും വകവെക്കാതെ കനത്തമഴ പെയ്യുന്ന സമയത്തുപോലും ആളുകൾ ഇരുചക്രവാഹനങ്ങളിലും കാറുകളിലും ഇതുവഴി പോകുന്നുണ്ട്.
ഇരുചക്രവാഹനമോടിക്കുമ്പോൾ തെന്നിവീഴാൻ ഏറെ സാധ്യതയുള്ള റോഡുകൂടിയാണിത്. പലരും വീണുപരിക്കേറ്റിട്ടുണ്ട്.
കുന്നിനുമുകളിൽ പടിഞ്ഞാറുഭാഗത്ത് 12 വീടുകൾ അപകടഭീഷണിയിലാണ്. ഇതിൽ ഒൻപതുവീടുകൾ റോഡിനോട് കൂടുതൽ അടുത്തുനിൽക്കുന്നവയാണ്. അപകടാവസ്ഥയെത്തുടർന്ന് ഏതാനും കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്ന കുന്ന്യോറമലയുടെ പടിഞ്ഞാറുഭാഗത്ത് 14 മീറ്റർ ഉയരത്തിലാണ് കോൺക്രീറ്റ് സംരക്ഷണമതിൽ നിർമിക്കുന്നത്.