വയനാട്: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട്ടിലും കോഴിക്കോട്ടും പോസ്റ്ററുകൾ. വയനാട് കൽപ്പറ്റയിലും കോഴിക്കോട് കാരശ്ശേരിയിലുമാണ് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് രൂക്ഷമായി തുടരുന്നതിനിടെയാണ് കേന്ദ്ര നേതൃത്വത്തെ നേരിട്ട് ലക്ഷ്യം വെച്ചുള്ള ഈ നീക്കം. 'കെ.സി. വേണുഗോപാൽ നിങ്ങളുടെ ആളായിരിക്കാം, പക്ഷേ ജനങ്ങൾക്ക് സ്വീകാര്യനല്ല' എന്നതുൾപ്പടയുള്ള കാര്യങ്ങളാണ് പോസ്റ്ററുകളിൽ പറയുന്നത്.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ കടുത്ത ഭാഷയിലുള്ള വിമർശനമാണ് പോസ്റ്ററുകളിൽ ഉടനീളം. ജയിക്കാൻ വേണ്ടി മാത്രം വയനാട്ടിലേക്ക് വരരുതെന്നും, ഇത്തരം രാഷ്ട്രീയ നിലപാടുകൾ തങ്ങൾക്ക് മടുത്തുവെന്നും പോസ്റ്ററുകൾ വ്യക്തമാക്കുന്നു. രാഹുലിന്റെയും പ്രിയങ്കയുടെയും വിശ്വസ്തനായ നേതാവെന്ന നിലയിൽ കെ.സി. വേണുഗോപാലിനെ സംരക്ഷിക്കുന്ന നിലപാടിനെതിരെ പ്രാദേശിക തലത്തിൽ വലിയ അതൃപ്തി നിലനിൽക്കുന്നുണ്ടെന്നാണ് ഈ പ്രതിഷേധം സൂചിപ്പിക്കുന്നത്.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ ഹൈക്കമാൻഡ് പുലർത്തുന്ന കാലതാമസമാണ് ഈ പ്രതിഷേധങ്ങൾക്ക് പിന്നിലെന്നാണ് സൂചന.