ഗസ്സ സിറ്റി: വെടിനിർത്തൽ നിലനിൽക്കെ ഗസ്സ സിറ്റിയിലെ തിരക്കേറിയ മാർക്കറ്റ് മേഖലയിലുള്ള ജനവാസ കെട്ടിടത്തിന് നേരെ ഇന്നലെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക്. പ്രാദേശിക മെഡിക്കൽ സംഘങ്ങളും ദൃക്സാക്ഷികളുമാണ് വിവരങ്ങൾ പുറത്തുവിട്ടത്.
ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി ആളുകൾ വിപണിയിൽ എത്തിയ സമയത്താണ് ആക്രമണമുണ്ടായത്. ഗസ്സ സിറ്റിയുടെ കേന്ദ്രഭാഗത്തുള്ള തിരക്കേറിയ തെരുവിലെ 'അൽ-കയാലി' കെട്ടിടത്തിന്റെ മുകളിലത്തെ മൂന്ന് നിലകളാണ് ഇസ്രായേൽ ലക്ഷ്യമിട്ടത്. ഹമാസിന്റെ സായുധ വിഭാഗം കമാൻഡറായ മുഹമ്മദ് ഔദയെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ദിവസങ്ങൾക്ക് മുൻപ് മുഹമ്മദിൻ്റെ മുൻഗാമിയും സമാനമായ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
എന്നാൽ ഈ ആക്രമണത്തിൽ ഔദ കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ ഇസ്രായേലോ ഹമാസോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വ്യത്യസ്ത ദിശകളിൽ നിന്നായി ഒരേസമയം അഞ്ച് മിസൈലുകളാണ്
കെട്ടിടത്തിലേക്ക് പതിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ആക്രമണത്തിന് തൊട്ടുമുൻപ് ആകാശത്ത് ഹെലികോപ്റ്ററിന്റെ
ശബ്ദം കേട്ടിരുന്നതായി ഒരു പ്രദേശവാസി വ്യക്തമാക്കി.
ആക്രമണത്തിൽ കെട്ടിടത്തിന് വലിയ നാശനഷ്ടം സംഭവിച്ചതിനാലും
പ്രദേശത്തെ കടുത്ത ജനത്തിരക്ക് കാരണവും രക്ഷാപ്രവർത്തകർക്ക് മുകളിലത്തെ നിലകളിലേക്ക് എത്തുന്നതിന് വലിയ പ്രയാസം നേരിടേണ്ടി വന്നു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ സിവിൽ ഡിഫൻസ് ജീവനക്കാരും ആംബുലൻസുകളും ചേർന്ന് തിരച്ചിൽ നടത്തുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.