നാദാപുരം:ഉമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവേ സ്വകാര്യ ബസിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ എട്ടുവയസ്സുകാരി വിദ്യാർത്ഥിനി മരിച്ചു. വളയം കുയ്തേരിയിലെ കൊയോലിന്റെ വീട്ടിലെ മുഹമ്മദിന്റെ മകൾ ഫാത്തിമ മുഹമ്മദ് (8) ആണ് മരിച്ചത്. കുയ്തേരി സഹ്റ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

വളയം-കുറുവന്തേരി റോഡിലെ വണ്ണാർകണ്ടി ജംഗ്ഷനിൽ ഇന്ന് വൈകിട്ട് 3.20-നാണ് അപകടം. ഉമ്മ സൽമയ്ക്കും മറ്റ് രണ്ട് കുട്ടികൾക്കുമൊപ്പം സ്‌കൂട്ടറിൽ കുയ്തേരിയിലെ വീട്ടിൽ നിന്ന് ഉമ്മയുടെ വീടായ താനക്കോട്ടൂരിലെ കോമത്ത് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം.

റോഡിലെ വെള്ളക്കെട്ട് കാരണം സ്‌കൂട്ടർ റോഡിന്റെ വലതുവശത്തുകൂടി എടുത്തപ്പോൾ, എതിർദിശയിൽ നിന്ന് വന്ന സ്വകാര്യ ബസിൽ ഇടിച്ച് സ്‌കൂട്ടർ ബസിനടിയിൽപ്പെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ ഉടൻ വളയം ഗവ. ആശുപത്രിയിൽ എത്തിച്ചു.

അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ആംബുലൻസിൽ തലശ്ശേരിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. അപകടത്തിൽ ഉമ്മ സൽമയ്ക്കും മറ്റ് രണ്ട് കുട്ടികൾക്കും പരിക്കുണ്ട്. ഫാത്തിമയുടെ മൃതദേഹം തലശ്ശേരി ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.