കൊയിലാണ്ടി: പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച നേപ്പാള്‍ സ്വദേശി കൊയിലാണ്ടി പൊലീസിന്റെ പിടിയില്‍. നേപ്പാള്‍ സ്വദേശിയായ ഗജേന്ദ്ര റാണ ചേത്രി എന്ന സാഗര്‍ ചേത്രിയാണ് ബാംഗ്ലൂരില്‍ വച്ച് കൊയിലാണ്ടി പോലീസിന്റെ പിടിയിലായത്. രണ്ട് വര്‍ഷം മുന്‍പ് കൊയിലാണ്ടിയിലെ ഒരു സ്ഥാപനത്തില്‍ ഒന്നിച്ച് ജോലി ചെയ്തിരുന്ന യുവതിയെ വിവാഹം കഴിക്കാം എന്ന് വാഗ്ദാനം നല്‍കി പലതവണ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ കേസിലാണ് അറസ്റ്റ്.

പൊലീസ് വന്നതറിഞ്ഞ് ഉപയോഗിച്ചിരുന്ന സിമ്മും മൊബൈല്‍ ഫോണും ഒഴിവാക്കി മുങ്ങിയ പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ തന്ത്രപരമായാണ് പോലീസ് കുടുക്കിയത്. ഫോണ്‍ ഒഴിവാക്കി മുങ്ങിയ പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് ഉത്തരേന്ത്യയിലും ബാംഗ്ലൂരിലും പല തവണ പോയി അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പ്രതി മുന്‍പ് ഉപയോഗിച്ചിരുന്ന ഇമെയില്‍ ഐഡി ഉപയോഗിക്കാന്‍ ശ്രമിച്ചതോടെയാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയിലേക്കെത്താന്‍ സാധിച്ചത്.

ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ബാംഗ്ലൂരിലെ നീഗള്ളി എന്ന സ്ഥലത്തുവച്ചാണ് എ.എസ്.ഐ വിജു വാണിയം കുളം, എസ്.സി.പി.ഒ ഷിബിന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടിയത്. വിവാഹിതനായിരുന്ന പ്രതി അത് മറച്ച് വച്ചാണ് കൊയിലാണ്ടിയിലെ യുവതിയെ വിവാഹം കഴിച്ചോളാമെന്ന് പറഞ്ഞ് വലയിലാക്കിയത്. യുവതി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതോടെയാണ് പ്രതി മുങ്ങിയത്. എസ്.പി, ഡി.വൈ.എസ്.പി അന്വേഷണ സംഘം ഇന്‍സ്‌പെക്ടര്‍ പി.വിജേഷ്, എസ്.ഐ ഗിരീഷ്, സൈബര്‍ സെല്‍ എസ്.ഐ ശ്രീജിത്ത്, എ.എസ്.ഐ വിജു വാണിയം കുളം, എസ്.സി.പി.ഒ മാരായ ഷിബിന്‍ കുമാര്‍, അഖില്‍, ഡ്രൈവര്‍ ഗംഗേഷ് എന്നിവര്‍ അന്വേഷണത്തിന്റെ ഭാഗമായി. പ്രതിയെ റിമാന്റ് ചെയ്തു.