തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ നിർണ്ണായക യോഗം ഇന്ന് ചേരും. നിലവിലെ പവർകട്ട് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനായി 200 മെഗാവാട്ട് സോളാർ വൈദ്യുതി പുറത്തുനിന്ന് വാങ്ങാനുള്ള കെഎസ്ഇബിയുടെ അടിയന്തര അപേക്ഷയാണ് ഈ യോഗത്തിൽ പരിഗണിക്കുന്നത്.
ഒരു വർഷത്തെ കാലയളവിലേക്ക് 24 മണിക്കൂറും തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാനുള്ള പുതിയ കരാറിനാണ് ബോർഡ് അനുമതി തേടുന്നത്. സംസ്ഥാനത്ത് വൈകുന്നേരങ്ങളിലെ ഉയർന്ന ഉപഭോഗ സമയത്ത് 400 മുതൽ 500 മെഗാവാട്ട് വരെ വൈദ്യുതിയുടെ കടുത്ത ദൗർലഭ്യമാണ് നിലവിൽ അനുഭവപ്പെടുന്നത്.
അതേസമയം ലോകകപ്പ് ഫൈനല്‍ ദിവസം കേരളത്തില്‍ വൈദ്യുതി മുടങ്ങില്ല. കൂടുതല്‍ വൈദ്യുതി വാങ്ങുന്നതിനാല്‍ ഞായറാഴ്ച കേരളത്തില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. എം.ജി. രാജമാണിക്യമാണ് അറിയിച്ചത്.
ലോകകപ്പ് സീസണില്‍ ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഫൈനല്‍ ദിനത്തില്‍ കെഎസ്ഇബി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തില്ല എന്ന പ്രഖ്യാപനം വരുന്നത്.
നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം കെഎസ്ഇബിയിലെ പ്രശ്‌നങ്ങളല്ല. മഴ കുറഞ്ഞതോടെ എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി ഉപഭോഗം വര്‍ധിച്ചു. ഇതോടെ തത്സമയം വിപണിയില്‍ നിന്നും അധിക വൈദ്യുതി ലഭിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം എന്നും അദ്ദേഹം വ്യക്തമാക്കി.