തിരുവനന്തപുരം: നിപ രോഗികൾക്ക് നൽകിയത് കാലാവധി കഴിഞ്ഞ മരുന്നുകളാണെന്ന് സംശയമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ നിയമസഭയിൽ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായും മന്ത്രി പറഞ്ഞു.

നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ മരുന്ന് വിതരണം ചെയ്തതായി ആരോഗ്യവകുപ്പിന് സംശയമുണ്ട്. 2023, 2024, 2025 വർഷങ്ങളിൽ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായി സംശയിക്കുന്നുവെന്ന് മന്ത്രി നിയമസഭാ സമ്മേളനത്തിനിടെ വിശദീകരിച്ചു. എംഎൽഎ മാത്യു കുഴൽനാടൻ സമർപ്പിച്ച സബ്മിഷനിലാണ് മന്ത്രിയുടെ വിശദീകരണം.

"നിപ, കോവിഡ് രോഗികൾക്ക് നൽകിയത് കാലാവധി കഴിഞ്ഞ മരുന്നാണെന്ന് സംശയമുണ്ട്. മരുന്ന് ലഭിച്ച മുഴുവൻ രോഗികളുടെയും വിവരങ്ങൾ എടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ മൂന്നു വർഷങ്ങളിലായി ആറ് നിപ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാലാവധി കഴിഞ്ഞ മരുന്ന് മൂലമാണോ മരണമെന്നത് അന്വേഷിക്കും" എന്നും മന്ത്രി പറഞ്ഞു.

ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇൻഫെക്ഷ്യസ് ഡിസീസ് മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡിനാണ് അന്വേഷണ ചുമതല.

നിപ, കോവിഡ് പോലുള്ള അസുഖങ്ങൾക്ക് നൽകി വരുന്ന ആന്റിവൈറൽ മരുന്നാണ് റെംഡെസിവിർ. അടിയന്തര സാഹചര്യം നേരിടുന്നതിനായി രോഗികളുടെ ചികിത്സയ്ക്കും ജീവൻ രക്ഷാ ആവശ്യങ്ങൾക്കുമായാണ് ഈ മരുന്ന് ആരോഗ്യവകുപ്പ് സ്ഥാപനങ്ങളിലേക്ക് എത്തിക്കുന്നത്.

അവസാനമായി 03-06-2021-ലാണ് KMSCL കാരുണ്യ വഴി റെംഡെസിവിർ വാങ്ങിയത്. വിതരണം ചെയ്ത റെംഡെസിവിർ മരുന്നിന്റെ എക്സ്പയറി ഡേറ്റ് 30-05-2023 ആയിരുന്നു. മരുന്ന് കാരുണ്യ വഴി മാത്രമേ വാങ്ങിയിട്ടുള്ളൂ. ഇപ്രാവശ്യം 2026 ജൂൺ 12ന് ബഹ്റൈനിൽ നിന്ന് വരുത്തിയാണ് നിപ രോഗിക്ക് മരുന്ന് നൽകിയത്.

അങ്ങനെയെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് 2023, 2024, 2025 വർഷങ്ങളിൽ രോഗികൾക്ക് നൽകിയ റെംഡെസിവിർ മരുന്ന് കാലാവധി കഴിഞ്ഞിരുന്നതാണെന്നാണ് ആരോഗ്യവകുപ്പിന്റെ സംശയം. നിയമസഭയിൽ മന്ത്രി കെ മുരളീധരൻ സമർപ്പിച്ച രേഖകളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.