തിരുവനന്തപുരം: പ്രവാസി ഇൻഷുറൻസ് പ്രീമിയം വർധന അനിവാര്യമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി. ക്ലെയിം തുക വർധിച്ചതോടെ ഇൻഷുറൻസ് കമ്പനികൾ ക്വട്ടേഷൻ നൽകാൻ പോലും തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ക്ലെയിമുകൾ 150 ശതമാനത്തിലധികം വർധിച്ചു വെന്നും, പ്രീമിയം കൂട്ടാതെ മുന്നോട്ട് പോകാനാവാത്ത സാഹചര്യമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. 18 വയസ് മുതൽ 110 വയസ് വരെയുള്ളവർക്ക് സുരക്ഷ ഉറപ്പാക്കുന്ന പുതിയ സ്കീം ആയതിനാലാണ് പ്രീമിയം വർധിപ്പിച്ചതെന്നും ഇൻഷുറൻസ് കമ്പനികൾ സഹകരിക്കാത്ത സ്ഥിതിയാണ് നിലവിലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

അതേസമയം, ഭീമമായ പ്രീമിയം വർധന പ്രവാസികളോടുള്ള ക്രൂരതയാണെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. കൊള്ളയ്ക്ക് ഇരയാക്കേണ്ടവരാണോ പ്രവാസികളെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പ്രവാസികളോട് പോലും പറയാതെ ലോക കേരള സഭ പിരിച്ചുവിട്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ മറ്റൊരു ആരോപണം.

പ്രവാസി ഇൻഷുറൻസ് പ്രീമിയം തുക ഇരട്ടിയിലധികമായി വർധിപ്പിച്ച നടപടിക്കെതിരെ നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നിരുന്നു.

പ്രവാസി ക്ഷേമ പെൻഷന്റെ കുടിശ്ശികയായ മൂന്ന് മാസത്തെ തുക ഉടൻ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ, ഉദ്ദേശിച്ച ലക്ഷ്യങ്ങൾ കാണാത്തതിനാൽ ലോക കേരള സഭ പിരിച്ചുവിട്ടെന്നും, അതിന് പകരം കൂടുതൽ ഫലപ്രദമായ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവാസികളോട് സർക്കാർ ക്രൂരത കാട്ടുന്നുവെന്നും ലോക കേരള സഭ ഇല്ലാതാക്കിയത് ശരിയല്ലെന്നും ചൂണ്ടിക്കാണിച്ച പ്രതിപക്ഷം, സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് സഭയിൽ നിന്നിറങ്ങിപ്പോയി.