മേപ്പയ്യൂർ: നരക്കോട് നിയന്ത്രണംവിട്ട സ്കൂട്ടർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു. ഇരിങ്ങത്ത് കുളങ്ങര 'കൃഷ്ണനിലയം' അജൽ പ്രവീൺ (16) ആണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു.
ഇന്നലെ രാത്രി 9.30 ഓടെ നരക്കോട്-ഇരിങ്ങത്ത് റോഡിൽ നരക്കോട് വെച്ചാണ് അപകടമുണ്ടായത്. ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടിയതാണ് അപകട കാരണമെന്നാണ് വിവരം. ഇതേത്തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അജലിനെ ഉടനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റു രണ്ടുപേർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
അജലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് വൈകുന്നേരത്തോടെ വീട്ടിലേക്ക് കൊണ്ടുവരും. അച്ഛൻ: പ്രവീൺ കുമാർ. അമ്മ: മഞ്ജുഷ. സഹോദരൻ: അർജുൻ പ്രവീൺ.