കാസർകോട്: പ്രവാസി വ്യവസായിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടി കാസർകോട് ടൗൺ പൊലീസിൽ കീഴടങ്ങി.
കേസിൽ ഖാദർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് കീഴടങ്ങൽ. ഖാദർ കരിപ്പൊടി കഴിഞ്ഞ നാല് മാസമായി ഒളിവിലായിരുന്നു.
നേരത്തെ, കാസർകോട് ജില്ലാ സെഷൻസ് കോടതിയും ഹൈക്കോടതിയും ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിന്റെ ഗൗരവവും പ്രതിക്കെതിരായ മുൻകാല കേസുകളും പരിഗണിച്ചാണ് കോടതികൾ ജാമ്യം നിഷേധിച്ചിരുന്നത്.
പന്നിക്കര സ്വദേശിയായ അബ്ദുൽ അഹദിനെ ആക്രമിച്ച സംഭവത്തിൽ ഖാദറിന് പുറമെ റാഷിദ് എന്ന സാക്ഷി, അഷ്റഫ് എന്നിവർക്കെതിരെയും കാസർകോട് ടൗൺ പൊലീസ് കേസെടുത്തിരുന്നു. ഗൾഫിൽ വെച്ച് നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്നായിരുന്നു ആക്രമണം. അബ്ദുൽ അഹദിന് മുഖത്തും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
ഖാദർ കരിപ്പൊടിയും സംഘവും ചേർന്ന് ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ച് ആക്രമിച്ചു വെന്നും പേനാക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നും അഹദ് പരാതിപ്പെട്ടിരുന്നു.
ഖാദർ കരിപ്പൊടിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസുകളുണ്ടെന്നാണ് വിവരം. ഇതാണ് മുൻകൂർ ജാമ്യാപേക്ഷകളിൽ തിരിച്ചടിയായത്. ഏഴ് വർഷം വരെ തടവ് ലഭിച്ചേക്കാവുന്ന വകുപ്പുകളും പ്രതികൾക്ക് മേൽ ചുമത്തിയിട്ടുണ്ട്.