കോഴിക്കോട്: കായികമേളയെ മോശമാക്കാൻ ചിലയാളുകൾ ബോധപൂർവം ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ. പുഴുവിനെ കണ്ടെന്ന് വരെ ചിലർ പറഞ്ഞുപരത്തിയെന്നും പരിശോധിച്ച ആരും പുഴുവിനെ കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മേളകൾ മോശമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും, പിന്നിലുള്ള ഗൂഢാലോചന പൊലീസ് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മേളയെ മോശമായി ചിത്രീകരിക്കാൻ ചില മാധ്യമങ്ങളടക്കം ശ്രമിക്കുന്നുണ്ട്. ഇതൊരാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ സാധിക്കില്ല. പിന്നിൽ പ്രവർത്തിച്ചത് ആരാണെങ്കിലും അവരെ കണ്ടെത്തേണ്ടതുണ്ട്. എറണാകുളം ജില്ലയിൽ നിന്നുള്ള അധ്യാപകന് ഇതിന് പിന്നിൽ പ്രവർത്തിച്ചതായി വിവരം കിട്ടിയിട്ടുണ്ട്. പുഴുവിനെ കണ്ടെത്തിയതായും ചിലർ പ്രചാരണം നടത്തുകയുണ്ടായി. അന്വേഷിച്ച് ചെന്നപ്പോൾ പേപ്പറിന്റെ മേലെയാണ് പുഴുവിനെ കണ്ടതെന്നും പൊലീസ് അന്വേഷിക്കട്ടെയെന്നും മന്ത്രി വ്യക്തമാക്കി.
പ്രായതട്ടിപ്പ് പരാതിയിൽ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അധ്യാപകർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടയം കോരുത്തോട് സ്കൂളിലെ കുട്ടി പ്രായം തിരുത്തി മത്സരത്തിൽ പങ്കെടുത്തത് ഇന്ന് സ്ഥിരീകരിച്ചിരുന്നു. എല്ല് പരിശോധനയിലാണ് പ്രായം തെളിഞ്ഞത്. സബ് ജൂനിയർ 400 മീറ്ററിൽ കുട്ടി സ്വർണം നേടിയിരുന്നു. സബ് ജൂനിയർ 100 മീറ്ററിൽ മത്സരിക്കാൻ ഇരിക്കെയാണ് പരിശോധനാ ഫലം പുറത്തുവന്നത്. സംസ്ഥാന സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ ആദ്യമായാണ് എല്ല് പരിശോധനയിലൂടെ പ്രായതട്ടിപ്പ് കണ്ടെത്തുന്നത്.