കൊയിലാണ്ടി: അഗ്നിരക്ഷാ നിലയത്തിൽ നിന്നും പിരിച്ചുവിട്ട രണ്ട് ഹോം ഗാർഡുമാരെ സർവീസിൽ തിരിച്ചെടുക്കാൻ ഉത്തരവ്. കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിലെ ഹോം ഗാർഡുമാരായിരുന്ന എ.കെ വേണുഗോപാൽ, വി.ടി രാജീവ് എന്നിവരെയാണ് സർക്കാർ മാപ്പ് നൽകി പുനർനിയമിച്ചത്. 2027 ജനുവരി 17നാണ് കോഴിക്കോട് ജില്ലാ ഫയർ ഓഫീസർ ഇവരെ സേവനത്തിൽ നിന്നും പിരിച്ചുവിട്ടത്.
ഒക്ടോബർ 26നാണ് ഇവരെ തിരിച്ചെടുത്തുകൊണ്ട് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് വേണ്ടി ജോയിന്റ് സെക്രട്ടറി എസ്. രഘുവരൻ ഒപ്പുവെച്ച ഉത്തരവിട്ടിരിക്കുന്നത്. പിരിച്ചുവിടൽ നടപടിക്ക് വിധേയരായ ഹോം ഗാർഡുമാർ ആഭ്യന്തര മന്ത്രിക്ക് സമർപ്പിച്ച അപേക്ഷ പ്രകാരമാണ് നടപടിയെന്നാണ് ഉത്തരവിൽ പറയുന്നത്.
പ്രവൃത്തി ബോധപൂർവമല്ലെന്നും ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്തിക്കൊള്ളാമെന്നും ഇരുവരും ആഭ്യന്തര മന്ത്രിക്ക് നൽകിയ അപേക്ഷയിൽ പറയുന്നുണ്ട്. കാര്യത്തിന്റെ ഗൗരവം മനസിലാക്കാതെ ചെയ്ത തെറ്റിന് മാപ്പ് നൽകണമെന്നായിരുന്നു അപേക്ഷ. ഫയർ ആൻഡ് റസ്ക്യൂ സർവീസസ് ഡയറക്ടർ ജനറലിന്റെ അനുകൂല ശുപാർശ പരിഗണിച്ചാണ് ആഭ്യന്തര വകുപ്പ് പിരിച്ചുവിടൽ നടപടി മാപ്പർഹിക്കുന്നതാണെന്ന് കണ്ടെത്തി തിരികെ പ്രവേശിപ്പിക്കാൻ ഉത്തരവിട്ടത്.
കൊയിലാണ്ടിയിലെ ഹോം ഗാർഡുമാരെ മാപ്പ് നൽകി തിരിച്ചെടുക്കാമെന്ന സർക്കാർ നിലപാട് അസാധാരണ നടപടിയാണ്. സാധാരണ താൽക്കാലിക ജീവനക്കാരെ ഇത്തരം നടപടികളിൽ പിരിച്ചുവിട്ടാൽ തിരിച്ചെടുക്കാറില്ല. ഇതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലാണെന്ന ആക്ഷേപമുണ്ട്.
കൊയിലാണ്ടി ഫയർഫോഴ്സിന് നൽകിയ കേരള ഫീഡ്സിന്റെ ഡയറിയിൽ നിന്ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിയായിരുന്ന ചിഞ്ചു റാണിയുടെയും ഫോട്ടോകൾ കീറിയെടുത്ത് കത്തിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇവരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. ഇത് സംബന്ധിച്ച് പരാതി ഉയരുകയും കാനത്തിൽ ജമീല എംഎൽഎ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തതോടെ മുഴുവൻ ഡയറികളും തിരിച്ചെടുക്കാൻ ഫയർഫോഴ്സ് ഓഫീസർ നിർദേശിച്ചിരുന്നു.