ബംഗളൂരു: സെല്‍ഫി എടുക്കുന്നതിനിടെ നദിയില്‍ വീണു. രക്ഷിക്കാനിറങ്ങിയ കുടുംബാംഗങ്ങള്‍ ഉള്‍പെടെ അഞ്ചുപേര്‍ മുങ്ങിമരിച്ചു. കര്‍ണാടകയില്‍ കാവേരി നദിയില്‍ മാണ്ഡ്യ ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിക്ക് സമീപമാണ് അപകടം. ക്ഷേത്രദര്‍ശനത്തിനുശേഷം നദിക്കരയില്‍ എത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ നാലുപേര്‍ ഒരു കുടംബത്തിലെ അംഗങ്ങളാണ്.
ബംഗളൂരുവിലെ ബ്യാദരഹള്ളി സ്വദേശികളായ ശ്വേത (38), ചൈത്ര (20), വിജയമ്മ (50), പ്രിയങ്ക (28) അവരുടെ കൂടെയുണ്ടായിരുന്ന ഡ്രൈവറായ മഹേഷ് എന്നിവരാണ് മരിച്ചത്. മുത്തത്തിയിലെ മുത്തത്തിരയ ക്ഷേത്രത്തിലേക്ക് പോകാനാണ് സംഘം എത്തുന്നത്. അതിന് മുമ്പ് സംഘം രാവിലെ കബ്ബാലമ്മ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം തൊട്ടടുത്ത കാവേരി നദിക്കരയിലെത്തുകയും അവിടെ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയുമായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
നദിക്കരയില്‍ വെച്ച് കുടുംബാംഗങ്ങള്‍ ചേര്‍ന്ന് സെല്‍ഫി എടുക്കുന്നതിനിടെ വിജയമ്മ ആഴമുള്ള ഭാഗത്തേക്ക് വഴുതി വീഴുകയായിരുന്നു. അവരെ രക്ഷിക്കാനായി മറ്റുള്ളവരും വെള്ളത്തിലിറങ്ങി. എന്നാല്‍ ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു-പൊലിസ് പറഞ്ഞു. അപകടത്തില്‍പ്പെട്ട രവി എന്ന വ്യക്തിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാല് വയസ്സുള്ള കുട്ടിയും രക്ഷപ്പെട്ടു.
പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡുകള്‍ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചാണ് സംഘം നദിയിലേക്ക് ഇറങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. അഗ്‌നിരക്ഷാസേനയും ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് അഞ്ച് മൃതദേഹങ്ങളും കരക്കെത്തിച്ചത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
മഴക്കാലത്ത് പുറമേ ശാന്തമായി തോന്നുന്ന കാവേരി നദിയില്‍ അടിയൊഴുക്ക് ശക്തമായിരിക്കാമെന്നും വിനോദസഞ്ചാരികളും ഭക്തരും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.