കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ നാലുപേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. പെരുവട്ടൂരില്‍ ഒരാള്‍ക്കും കോതമംഗലത്ത് രണ്ട് പേര്‍ക്കും പതിനെട്ടാം വാര്‍ഡിലുമാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. രോഗികളെല്ലാം ആരോഗ്യനില വീണ്ടെടുത്തുവരുന്നു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിഭാഗം അറിയിച്ചത്.
രണ്ടുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വീണ്ടെടുത്തതിനെ തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി വീട്ടില്‍ വിശ്രമത്തിലാണ്. മറ്റ് രണ്ടുപേരില്‍ ഒരാള്‍ ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയിലും ഒരാള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ബോധവത്കരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും ജലസ്രോതസ്സുകളുടെ ക്ലോറിനേഷന്‍ അടക്കമുള്ളവയും ചെയ്തിട്ടുണ്ട്.