കോഴിക്കോട്: കോഴിക്കോട് നിന്ന് കഴിഞ്ഞ മാസം കാണാതായ പതിനാറുകാരിയായ പെൺകുട്ടിയെ 36 ദിവസത്തിനുശേഷം കണ്ണൂരിലെ കൊളവല്ലൂർ രഹസ്യ കേന്ദ്രത്തിൽനിന്നു പൊലീസ് കെട്ടിടം വളഞ്ഞു രക്ഷപ്പെടുത്തി. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് എത്തും മുൻപ് 5 അംഗ സംഘം കടന്നുകളഞ്ഞു.

സംഭവത്തിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ രണ്ടു പേർ ഉൾപ്പെടെ തടങ്കലിൽ പാർപ്പിച്ച സംഘത്തിലെ 7 പേർക്കെതിരെ ചേവായൂർ പൊലീസ് പോക്സോ കേസെടുത്ത് അന്വേഷണം തുടങ്ങി.

പ്രതികളെ കണ്ടെത്താൻ ചേവായൂർ പൊലീസ് പ്രത്യേക അന്വേഷണ സംഘം വ്യാപകമായി അന്വേഷണം തുടങ്ങി. ലൈംഗികമായി പീഡിപ്പിച്ചെന്നു പെൺകുട്ടി പൊലീസിനു വിവരം നൽകിയിട്ടുണ്ട്. രക്ഷപ്പെടുത്തിയ പെൺകുട്ടിയെ കോഴിക്കോട് സിഡബ്ല്യുസിക്കു മുന്നിൽ ഹാജരാക്കി ഹോമിൽ താമസിപ്പിച്ചു.

ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നു മേയ് 15നു കാണാതായെന്നു രക്ഷിതാക്കളുടെ പരാതിയിലാണ് ചേവായൂർ പൊലീസ് കേസെടുത്ത് ഇൻസ്പെക്ട‌ർ ടി.മഹേഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്.

കഴിഞ്ഞ മാസം 15നു രാത്രി 10.30നു കാറിൽ എത്തിയ രണ്ടു പേർ വീടിനു മുന്നിൽ റോഡിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായാണ് പൊലീസിനു ലഭിച്ച വിവരം. പരാതി ലഭിച്ചതിനെ തുടർന്ന് ചേവായൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു അന്വേഷണം നടത്തുകയായിരുന്നു.

ബന്ധുവിനു ലഭിച്ച ഫോൺ കോൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കുട്ടിയെ സംഘം നെടുമ്പാശ്ശേരിയിൽ എത്തിച്ചതായി വിവരം ലഭിച്ചു. അന്വേഷണത്തിൽ കുട്ടി സംഘത്തിൽനിന്നു രക്ഷപ്പെട്ടു തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. സൈബർ പൊലീസ് സഹകരണത്തോടെ പൊലീസ് തൃശൂർ സ്റ്റാൻഡിൽ എത്തിയെങ്കിലും പിന്നീട് കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

ഒരു സുഹൃത്താണ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് പെൺകുട്ടിയെ രാത്രി ഫോണിൽ ബന്ധപ്പെട്ടതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ കോഴിക്കോട് എത്തി കാറിൽ കയറ്റി തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.