നാദാപുരം: കളിക്കുന്നതിനിടെ അലുമിനിയം പാത്രത്തിനുള്ളിൽ തല കുടുങ്ങിപ്പോയ രണ്ടു വയസ്സുകാരിയെ നാദാപുരം അഗ്നിരക്ഷാസേന സുരക്ഷിതമായി രക്ഷപ്പെടുത്തി. പാറക്കടവ് ഉമ്മത്തൂർ കളത്തറ അനസിന്റെ മകൾ ഫാത്തിമ ആലിയയാണ് അപകടത്തിൽപ്പെട്ടത്. 

ഇന്ന് രാവിലെ വീട്ടിലെ അടുക്കളയിൽ കളിച്ചുകൊണ്ടിരിക്കെ ആലിയ അലുമിനിയം പാത്രം തലയിൽ വെക്കുകയായിരുന്നു. തുടർന്ന് തല പൂർണ്ണമായും പാത്രത്തിനുള്ളിൽ കുടുങ്ങിപ്പോയി. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാർ പാത്രം ഊരിയെടുക്കാൻ പലവിധത്തിൽ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഒട്ടും സമയം കളയാതെ വീട്ടുകാർ കുട്ടിയുമായി നാദാപുരം ഫയർ സ്റ്റേഷനിലേക്ക് തിരിക്കുകയായിരുന്നു.

കുട്ടിയുടെ സുരക്ഷ മുൻനിർത്തി ഏറെ ശ്രദ്ധയോടെയാണ് ഫയർഫോഴ്സ് സംഘം രക്ഷാപ്രവർത്തനം നടത്തിയത്. കട്ടർ, സ്പ്രെഡർ എന്നീ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് പാത്രം മുറിച്ചുമാറ്റിയാണ് കുട്ടിയെ പരിക്കേൽക്കാതെ പുറത്തെടുത്തത്.