അൽ ഐൻ∙ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് കിഴക്കൻ മലയോര മേഖലകളിൽ വേനൽമഴ ശക്തമായി തുടരുന്നു. കടുത്ത മരുഭൂമിയിലെ ചൂടിൽ നിന്ന് ജനങ്ങൾക്ക് താൽക്കാലിക ആശ്വാസം പകരുന്നതാണ് ഈ അപ്രതീക്ഷിത മഴയെങ്കിലും വരും ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ഔദ്യോഗിക അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (എൻസിഎം) പ്രവചനപ്രകാരം ഇന്നും നാളെയും രാജ്യത്ത് മിക്കയിടത്തും ലഘുവായതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കൻ മേഖലകളിലും അൽ ഐനിലും ചില സമയങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കാം. നിലവിൽ കിഴക്കൻ മലയോര മേഖലകളായ ഷൗക്ക, സായിദ് സ്ട്രീറ്റ് (ഷാരെ അൽ വതൻ) എന്നിവിടങ്ങളിൽ ശക്തമായ മഴ പെയ്യുന്ന ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. പ്രാദേശികമായി ‘റവായഹ്’ എന്നറിയപ്പെടുന്ന ഈ കാലവർഷ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച വരെ ആകാശം മേഘാവൃതമായിരിക്കുമെന്നും വാരാന്ത്യത്തോടെ താപനിലയിൽ നേരിയ കുറവുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം വിലയിരുത്തുന്നു.

മഴയോടൊപ്പം വീശിയടിക്കുന്ന ശക്തമായ കാറ്റ് അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരാൻ കാരണമായേക്കാം. ഇത് റോഡിലെ കാഴ്ചപരിധി കുറയ്ക്കുമെന്നതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് എൻസിഎം മുന്നറിയിപ്പ് നൽകി. വേഗം പരിധി പാലിക്കുകയും സുരക്ഷാ നിർദേശങ്ങൾ കർശനമായി പിന്തുടരുകയും വേണം. മോശം കാലാവസ്ഥയുള്ള സമയങ്ങളിൽ റോഡുകളിലെ ഇലക്ട്രോണിക് ഡിസ്‌പ്ലേ ബോർഡുകളിൽ കാണിക്കുന്ന താൽക്കാലിക വേഗപരിധി അനുസരിച്ച് മാത്രമേ വാഹനങ്ങൾ ഓടിക്കാവൂ.

കനത്ത മഴയെത്തുടർന്ന് മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാൽ താഴ്‌വരകളിലേക്കും വാദികളിലേക്കും  പോകുന്നത് പൂർണമായും ഒഴിവാക്കണമെന്നും പൊതുജനങ്ങൾക്കായി പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു. വേനൽക്കാലത്തെ ഏറ്റവും ചൂടുകൂടിയ ആഴ്ചകൾ വരാനിരിക്കെ ലഭിക്കുന്ന ഈ മഴ താപനില താൽക്കാലികമായി കുറയ്ക്കാൻ സഹായിക്കുമെങ്കിലും വരും മാസങ്ങളിൽ ചിലയിടങ്ങളിൽ ചൂട് 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം