മലപ്പുറം: ദേശീയപാത 66ലെ വെട്ടിച്ചിറ ടോൾപ്ലാസയിൽ സംഘർഷം. ഫാസ്‌ടാഗുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ടോൾപ്ലാസ ജീവനക്കാരും യാത്രക്കാരും തമ്മിൽ ഏറ്റുമുട്ടി. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് സംഭവം. കയ്യാങ്കളിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ടോൾ പ്ലാസ കടക്കുന്ന വാഹനത്തിൽ ജീവനക്കാരൻ വടികൊണ്ട് അടിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. ടോൾ പ്ലാസ ജീവനക്കാരൻ വാഹനത്തിലേക്ക് തുടർച്ചയായി വടി കൊണ്ട് അടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ജീവനക്കാരൻ യാത്രക്കാരന്റെ കഴുത്തിന് പിടിക്കുകയും മർദിക്കുകയും ചെയ്തു.

ടോൾ പ്ലാസക്ക് എതിരെ നാട്ടുകാർ വ്യാപക പരാതി ഉന്നയിക്കുന്നുണ്ട്. ജീവനക്കാർ മോശമായി പെരുമാറുന്നുവെന്നാണ് പരാതി. ജീവനക്കാരിൽ പലരും ഇതര സംസ്ഥാനക്കാരാണ്. യാത്രക്കാരെ അസഭ്യം വിളിക്കുകയും അക്രമിക്കുകയും ചെയ്യുന്നത് പതിവാണെന്നാണ് പരാതി ജീവനക്കാരുടേത് മോശം പെരുമാറ്റമെന്ന് പൊലീസും പറയുന്നു.