തിരുവനന്തപുരം: മാസപ്പടി കേസില്‍ ടി.വീണ വീണ്ടും ഇഡിക്ക് മുന്നില്‍ ഹാജരായി. രണ്ടാം തവണയാണ് ഇഡിക്ക് മുന്നില്‍ വീണ ഹാജരാവുന്നത്. തിങ്കളാഴ്ചക്കുള്ളില്‍ ഹാജരാവാനായിരുന്നു ഇഡി നോട്ടീസ് നല്‍കിയിരുന്നത്. കേസില്‍ എസ്എഫ്‌ഐഒ 134 രേഖകള്‍ ഇഡിക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വീണയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

മാസപ്പടി കേസില്‍ തുരന്വേഷണം ആവാമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേസിലെ എട്ട് പ്രതികള്‍ക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവാനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ചതിന് പിന്നാലെ വീണ കോടതിയില്‍ ഹാജരാവുകയായിരുന്നു.

സിഎംആര്‍എല്‍ എന്ന സ്വകാര്യ കമ്പനിയും, ടി. വീണയുടെ ഉടമസ്ഥതയിലുള്ള 'എക്‌സാലോജിക് സൊല്യൂഷന്‍സ്' എന്ന ഐടി കമ്പനിയും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടതാണ് കേസ്. എക്‌സാലോജിക് നല്‍കിയ ഐടി സേവനങ്ങള്‍ക്കുള്ള പ്രതിഫലമെന്ന നിലയില്‍ 2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ സിഎംആര്‍എല്‍ 1.72 കോടി രൂപ നല്‍കിയെന്നും, എന്നാല്‍ കമ്പനിക്ക് അത്തരം സേവനങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നുമുള്ള ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ കണ്ടെത്തലാണ് അന്വേഷണങ്ങള്‍ക്ക് ആധാരമായത്.

തുടര്‍ന്ന് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) ഈ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസ് രജിസ്റ്റര്‍ ചെയ്തത്. യാതൊരു സേവനവും നല്‍കാതെ കൈപ്പറ്റിയ തുക അനധികൃത സാമ്പത്തിക ഇടപാടാണോ എന്നും, ഇതില്‍ കള്ളപ്പണ വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ എന്നുമാണ് കേന്ദ്ര ഏജന്‍സികള്‍ പ്രധാനമായും അന്വേഷിക്കുന്നത്.