പേരാമ്പ്ര: കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി സ്വന്തം വീട്ടില്‍ അതിക്രമിച്ചു കയറി ഉപ്പയെ ആക്രമിച്ചു. കരുവണ്ണൂര്‍ സ്വദേശി രജീഷ് എന്ന റജിയെ പൊലീസ് പിടികൂടി റിമാന്‍ഡ് ചെയ്തു.

മെയ് 19 രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. റജിയുടെ ഉപ്പ മൂസ താമസിക്കുന്ന തോട്ടുമൂലയിലെ വാടകവീട്ടില്‍ കയറി മൂസയെ ആക്രമിക്കുകയായിരുന്നു. മുറ്റത്തുപാകിയ കട്ട ഉപയോഗിച്ച് നെഞ്ചിലും കാലിലും ക്രൂരമായി ഇടിക്കുകയായിരുന്നു. വാരിയെല്ലിന് പൊട്ടലുണ്ടായ മൂസ ചികിത്സയിലാണ്.

റജിയും കുടുംബവും മുമ്പ് താമസിച്ചിരുന്ന വീടിന്റെ താക്കോല്‍ കൊടുക്കാത്തതാണ് വിരോധത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ രഹസ്യവിവരത്തെ തുടര്‍ന്ന് മൈസൂരിലെ ലോഡ്ജില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.