കോഴിക്കോട്: റെയില്‍വേ സ്‌റ്റേഷനിലെ ക്ലോക്ക് ടവര്‍ തകര്‍ന്നുവീണതിന് പിന്നാലെ കോഴിക്കോട് വഴിയുള്ള ട്രെയിന്‍ഗതാഗതം തടസ്സപ്പെട്ടു. രാവിലെ അപകടം നടന്നതിന് ശേഷം ഇതുവഴി ട്രെയിനുകളൊന്നും കടത്തിവിട്ടിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. 

അപകടത്തെ തുടര്‍ന്ന് സ്റ്റേഷനിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. രണ്ട് മൂന്ന് പ്ലാറ്റ്‌ഫോമുകളിലേക്ക്  ആളുകളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഇതി ഗതാഗതം പുനസ്ഥാപിച്ചാലും നാലാമത്തെ പ്ലാറ്റ്‌ഫോമിലൂടെ മാത്രമാകും ട്രെയിന്‍ കടത്തിവിടാനാവുക. 

ട്രെയിന്‍ സര്‍വീസുകളിലെ മാറ്റങ്ങള്‍:

കോഴിക്കോട് നിന്ന് 1.45 ന് പുറപ്പെടേണ്ട ജനശതാബ്ദി കല്ലായില്‍ നിന്നാകും പുറപ്പെടുക. ജനശതാബ്ദിയില്‍ പോകേണ്ടവര്‍ക്ക് കോഴിക്കോട് നിന്ന് കല്ലായി വരെ ഏറനാട് എക്‌സ്പ്രസില്‍ പോകാന്‍ അനുമതിയുണ്ട്. നേത്രാവതി, ഏറനാട് ട്രെയിനുകള്‍ വെള്ളയില്‍ , വെസ്റ്റ് ഹില്‍ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്. മറ്റു ട്രെയിനുകളും വിവിധ സ്റ്റേഷനുകളിലും സിഗ്‌നല്‍ പോയിന്റുകളിലും പിടിച്ചിട്ടിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. 

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്കാണ് കോക്ക്ടവര്‍ തകര്‍ന്നുവീണത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.