വടകര: വില്യാപ്പള്ളിയിൽ സ്വകാര്യ ബസ്‌ ഡ്രൈവറെ കാർ യാത്രികൻ മർദിച്ചതായി പരാതി. തോട്ടിൽ പാലം വടകര റൂട്ടിൽ സർവീസ് നടത്തുന്ന ഗരുഡൻ ബസ് ഡ്രൈവർ കക്കട്ട് നരിപ്പറ്റ സ്വദേശി ശരത് ലാലിനാണ് മർദ്ദനമേറ്റത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.

വടകരയിൽ നിന്നും തോട്ടിൽ പാലത്തിലേക്കുള്ള ട്രിപ്പിനിടെ മുന്നിലുള്ള കാർ സൈഡ് നൽകാത്തതിനാൽ ശരത്‌ലാൽ ഹോണടിച്ചിരുന്നു. ഇതിൽ പ്രകോപിതനായ കാർ ഡ്രൈവർ കാർ ബസ്സിനു മുൻപിൽ നിർത്തുകയും ശരത്‌ലാലിനെ മർദിക്കുകയുമായിരുന്നു എന്നാണ് പരാതി. ബസ്സിന്റെ ചാവി ഊരിയെടുത്തെന്നും പരാതിയിൽ പറയുന്നു. ശരത്‌ലാൽ ആശുപത്രിയിൽ ചികിത്സ തേടി.

കാർ ഡ്രൈവർ ഇറങ്ങി വന്ന് ശരത്‌ലാലിനെ മർദിക്കുന്നതും അസഭ്യം പറയുന്നതും ഒരു യാത്രക്കാരൻ മൊബൈലിൽ ചിത്രീകരിച്ചിട്ടുണ്ട്. ഈ വീഡിയോ സഹിതം ബസ് ഡ്രൈവർ വാകര പോലീസിൽ പരാതി നൽകി.