ഹാനോയ്: തെക്കന്‍ വിയറ്റ്നാമിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരിൽ രണ്ട് മലയാളികളും പത്ത് തമിഴ്നാട് സ്വദേശികളും. കൊട്ടാരക്കരയിലെ വിക്ടറി ഗ്രൂപ്പ് ഉടമയായ എ.വി. തോമസ്, ഭാര്യ ലൗനി എന്നിവരാണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് ദമ്പതികൾ വിയറ്റ്നാമിലേക്ക് വിനോദയാത്ര പോയത്.

ശനിയാഴ്ച രാവിലെ പത്തരയോടെയാണ് തെക്കന്‍ വിയറ്റ്നാമിലെ ഫുക്വോക്ക് ദ്വീപിനടുത്ത് ബോട്ട് മുങ്ങി 15 ഇന്ത‍്യന്‍ വിനോദ സഞ്ചാരികൾ മരിച്ചത്. മരിച്ചവരിൽ 13 പുരുഷന്‍മാരും രണ്ട് പേർ സ്ത്രീകളുമാണ്. 32 സഞ്ചാരികളും നാല് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് വിവരം.

ഹോൺ മെയ് റൂട്ട് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് പോകവെയാണ് കരയിൽ നിന്നും 400 മീറ്റർ അകലെവച്ച് ബോട്ട് അപകടത്തിൽപ്പെട്ടത്. ബോട്ട് മുങ്ങിയ പ്രദേശത്ത് ശക്തമായ കടൽ ക്ഷോഭം അനുഭവപ്പെട്ടിരുന്നു. അപകടം സ്ഥിരീകരിച്ചതായി ഇന്ത‍്യന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 21 പേരെ നിലവിൽ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണ്.

വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപായ ഫു കുവാക്ക് ഏറ്റവും വലിയ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നുമാണ്. സമീപകാലത്തായി ഇവിടേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്.

അതേ സമയം വിനോദസഞ്ചാരികളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും. വിയറ്റ്നാമിലെ ഇന്ത‍്യന്‍ എംബസിക്കും കോൺസുലേറ്റിനും സാധ‍്യമായ എല്ലാ സഹായങ്ങളും അധികൃതരുമായി ബന്ധപ്പെട്ട് നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ച പോസ്റ്റിൽ അറിയിച്ചു.