വയനാട് :മാനന്തവാടി സ്റ്റേഷനിലെ വനിതാ സബ് ഇൻസ്‌പെക്ടറെ അക്രമിച്ചു പരിക്കേല്പിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കാപ്പ കേസ് പ്രതിയടക്കം മൂന്ന് പേർ പിടിയിലായി. ഇടുക്കി അടിമാലി സ്വദേശി കെ.എ. അഭിജിത്ത് (26), തരുവണ സ്വദേശി എസ്. അശ്വന്ത് (21), ഇടുക്കി ആനവിരട്ടി സ്വദേശി ബില്‍ജൂ സാജു (26) എന്നിവരെയാണ് എസ്.ഐ കെ. സിൻഷയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മെയ് 18-ന് വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. ഏപ്രിൽ 29-ന് ഓട്ടോ ഡ്രൈവറെ
മർദ്ദിച്ച് പണം കവർന്ന കേസിലെ പ്രതി സഞ്ചരിക്കുന്ന കാറിനെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കെ.ടി. ജംക്ഷന് സമീപം പരിശോധന നടത്തി. പോലീസിനെ
വെട്ടിച്ച് കടന്നുകളഞ്ഞ KL 03 E 7727 നമ്പർ കാർ പിന്തുടർന്ന് തടഞ്ഞുനിർത്തി
പരിശോധിക്കാൻ ശ്രമിക്കവെ, പ്രതികൾ വനിതാ എസ്.ഐയെ തള്ളിമാറ്റുകയും
മർദിക്കുകയുമായിരുന്നു. ആക്രമണത്തിൽ എസ്.ഐയുടെ കൈക്കുഴയ്ക്കും
ഷോൾഡറിനും പരിക്കേറ്റു. കസ്റ്റഡിയിലെടുത്ത കാറിന്റെ സീറ്റിനടിയിൽ നിന്ന് ഒരു
കത്തിയും പോലീസ് കണ്ടെടുത്തു.
പിടിയിലായവരിൽ അഭിജിത്ത് കാപ്പ നിയമനടപടി നേരിട്ടയാളും തിരുനെല്ലി, വെള്ളത്തൂവല്‍,
മാനന്തവാടി, ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതിയുമാണ്.ഇയാൾ നിലവിൽ ജാമ്യത്തിൽ കഴിയുകയായിരുന്നു. ബില്‍ജു സാജു അടിമാലി സ്റ്റേഷനിലെ ലഹരിക്കേസിലെ പ്രതിയാണ്.