തിക്കോടി: ബൈപ്പാസ് തുറന്നതോടെ തിക്കോടിയിൽ ബസ് യാത്ര ദുരിതമാകുന്നു. ലിമിറ്റഡ് ബസുകൾ സർവീസ് റോഡിലൂടെയല്ലാതെ പുതിയ ഹൈവേയിലൂടെ പോകുന്നതും യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിടുന്നതും പതിവായതോടെ യാത്രക്കാർ ബുദ്ധിമുട്ടിലായി.

കോഴിക്കോട്-വടകര ഭാഗത്തേക്ക് പോകുന്ന ലിമിറ്റഡ് ബസുകളാണ് ബൈപ്പാസിലൂടെ പോയി മുകളിലെ ഭാഗത്ത് യാത്രക്കാരെ ഇറക്കിവിടുന്നത്. സർവീസ് റോഡിലൂടെ ബസുകൾ കടന്നുപോകണമെന്ന പോലീസ് നിർദ്ദേശം ഉണ്ടായിട്ടും പല ബസുകളും നിർദ്ദേശം അവഗണിക്കുകയാണ്.

ബൈപ്പാസിൽ നിന്നും സർവീസ് റോഡിലേക്ക് ഇറങ്ങാൻ മുൻപ് തുറന്നുനൽകിയ ചെറിയ ഭാഗം കമ്പി ഉപയോഗിച്ച് പൂർണമായും അടച്ചതോടെ പ്രതിസന്ധി രൂക്ഷമായി. നിലവിൽ തിക്കോടി ടൗണിൽ ബൈപ്പാസിന് മുകളിൽ നിന്നും സർവീസ് റോഡിലേക്ക് കോണി വെച്ചാണ് യാത്രക്കാർ ഇറങ്ങുന്നത്.

സ്ത്രീകളും കുട്ടികളുമടക്കം രാത്രിയും പകലും റോഡിലേക്ക് ഇറങ്ങാൻ കഷ്ടപ്പെടുകയാണ്. നാല് ദിവസമായി റോഡിന് സമീപത്തെ കടക്കാരാണ് യാത്രക്കാർക്ക് ഇറങ്ങാൻ കോണി ഏർപ്പാടാക്കിയത്. രണ്ട് ഭാഗത്തും ഇതുതന്നെയാണ് സ്ഥിതി. പോലീസിനോട് പലതവണ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.