മലപ്പുറം: മലപ്പുറം പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 10.18 ഗ്രാം MDMA പൊലീസും ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടി. സംഭവത്തിൽ ചുങ്കത്തറ തച്ചങ്ങാട് സ്വദേശികളായ അജയ്, ഇയാളുടെ സുഹൃത്തും അയൽവാസിയുമായ ബിജോ വർഗീസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അജയിയുടെ അമ്മയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. പൊലീസ് എത്തുമ്പോൾ മയക്കുമരുന്ന് ചെറിയ പാക്കറ്റുകളിലാക്കുകയായിരുന്നു പ്രതികൾ. ഓരോ പാക്കറ്റും 1000 രൂപ നിരക്കിൽ വിൽക്കാനായിരുന്നു പദ്ധതി. മയക്കുമരുന്ന് അളന്ന് തിട്ടപ്പെടുത്താൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും പൊലീസ് ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
മുമ്പും ലഹരി കേസിൽ പ്രതിയായ അജയിയുടെ പേരിൽ 16 കിലോ കഞ്ചാവ് കടത്തിയതിന് ആന്ധ്രപ്രദേശിലെ പഠേരു പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. ലഹരിമരുന്ന് കൊണ്ടുവന്നത് എവിടെ നിന്നാണെന്നും ആർക്കൊക്കെയാണ് വിൽപ്പന നടത്തിയതെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. മേഖലയിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.