കണ്ണൂര്‍:കണ്ണൂര്‍ പിലാത്തറ മണ്ടൂരില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ടാങ്കര്‍ ലോറിയിടിച്ച് തീപിടിത്തം. അപകടത്തില്‍ രണ്ട് പേര്‍ വെന്തുമരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. തകരാറിലായ ലോറി അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം. ലോറിയുടെ തകരാര്‍ പരിഹരിച്ചുക്കൊണ്ടിരിക്കുകയായിരുന്ന മെക്കാനിക്കും സഹായിയുമാണ് മരിച്ചത്.
തകരാറിലായതിനെ തുടര്‍ന്ന് വഴിയില്‍ നിര്‍ത്തിയിട്ട് അറ്റകുറ്റപ്പണി നടത്തുകയായിരുന്ന തടി ലോറിയിലേക്ക്, നിയന്ത്രണം വിട്ടുവന്ന കോണ്‍ക്രീറ്റ് മിക്‌സര്‍ ടാങ്കര്‍ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് രണ്ട് ലോറികളുടെയും ക്യാബിനുകള്‍ പൂര്‍ണമായും കത്തിനശിച്ചു.
ടാങ്കര്‍ ലോറി ഡ്രൈവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് പയ്യന്നൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് തീയണച്ചത്. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.