ചെന്നൈ: തമിഴ്‌നാട്ടിൽ തിരുനെൽവേലിയിലെ ഗംഗൈകൊണ്ടനിൽ മലയാളിയെ ബസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ചയാണ് സംഭവം. ഇടുക്കി വാഴവര സ്വദേശി ഷാജി കൃഷ്ണനാണ് (60) മരിച്ചതെന്ന് പോലീസ് അറിയിച്ചു.
ഊട്ടിയിൽനിന്ന് നാഗർകോവിലിലേക്കുള്ള തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിൽ തിരുപ്പൂരിൽനിന്നു കയറിയ യാത്രക്കാരനാണ് മരിച്ചത്. രാത്രിയായപ്പോൾ ലൈറ്റുകളണച്ച് സ്ലീപ്പർ ബസിലെ യാത്രക്കാരെല്ലാം കിടന്നു.
രാവിലെ ഗംഗൈകൊണ്ടനിൽ നിർത്തി ലൈറ്റിട്ടപ്പോഴാണ് ഒരാളെ മുകളിലെ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
മൃതദേഹം തിരുനെൽവേലി മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് കൊണ്ടുപോയി. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.