ന്യൂഡൽഹി: നിങ്ങളുടെ പേരിൽ ഒന്നിലധികം മൊബൈൽ നമ്പറുകളുണ്ടോ? എങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. സിം കാർഡുകൾ സംബന്ധിച്ച് പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) തീരുമാനിച്ചു. ഈ നിയമം 2026 ഓഗസ്റ്റ് 24 മുതൽ രാജ്യവ്യാപകമായി പ്രാബല്യത്തിൽ വരും.

നിശ്ചിത പരിധിക്കപ്പുറം മൊബൈൽ കണക്ഷനുകൾ ഉള്ള ഉപഭോക്താക്കളെ തിരിച്ചറിയാൻ നിർദേശിച്ചുകൊണ്ട് എല്ലാ ടെലികോം കമ്പനികൾക്കും ടെലി കമ്യൂണിക്കേഷൻസ് വകുപ്പ് സർക്കുലർ നൽകിയിട്ടുണ്ട്. അത്തരം ഉപഭോക്താക്കൾക്ക് ഇനി അവരുടെ പേരിൽ പുതിയ മൊബൈൽ നമ്പർ ലഭിക്കില്ലെന്ന് വ്യക്തമായി അറിയിക്കും. വ്യാജ സിം കാർഡുകളും കുറ്റകൃത്യങ്ങളും തടയുന്നതിനാണ് ഈ നടപടി.

*ഒരാൾക്ക് എത്ര സിം കാർഡുകൾ ഉപയോഗിക്കാം?*

നിലവിലെ ചട്ടങ്ങൾ അനുസരിച്ച് ഇന്ത്യയിലെ ഏതൊരു വ്യക്തിക്കും വ്യത്യസ്ത ടെലികോം കമ്പനികളിലും സേവന മേഖലകളിലുമായി പരമാവധി ഒമ്പത് മൊബൈൽ കണക്ഷനുകൾ വരെ ഉണ്ടായിരിക്കാം. എങ്കിലും ചില പ്രദേശങ്ങളിൽ ഈ പരിധി കുറവാണ്. ജമ്മു കശ്മീർ, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആളുകൾക്ക് അവരുടെ പേരിൽ പരമാവധി ആറ് മൊബൈൽ കണക്ഷനുകൾ വരെയാണ് അനുവദിക്കുന്നത്. കൂടാതെ ഉപഭോക്തൃ അപേക്ഷാ ഫോം (CAF) പൂരിപ്പിക്കുമ്പോൾ ഉപഭോക്താക്കൾ അവരുടെ പേരിൽ നിലവിലുള്ള മൊബൈൽ കണക്ഷനുകൾ വെളിപ്പെടുത്തേണ്ടതുണ്ട്.

*പുതിയ സംവിധാനം എങ്ങനെ?*

പുതിയ സംവിധാനം തുടക്കത്തിൽ പോസ്റ്റ്-ഫാക്ടോ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുക. അതായത് പുതിയ കണക്ഷനുകൾ എടുത്തതിന് ശേഷം പരിശോധിക്കുന്ന രീതിയിലായിരിക്കും. ഒരാളുടെ പേരിലുള്ള സിം കാർഡുകളുടെ എണ്ണം അനുവദിച്ച പരിധി കടന്നാൽ അധിക കണക്ഷൻ താൽക്കാലികമായി നിർത്തിവയ്ക്കും. എന്നാൽ പിന്നീട് സിം കാർഡ് പരിധി കവിയുന്നുണ്ടോ എന്ന് ഉടൻ കണ്ടെത്താൻ കഴിയുന്ന റിയൽ ടൈം സംവിധാനത്തിലേക്ക് മാറാനും ടെലികോം കമ്പനികളോട് സർക്കാർ നിർദേശിച്ചിട്ടുണ്ട്.

ഇതിനായി ഉപഭോക്താക്കളുടെ ഫോട്ടോയും മറ്റ് വിവരങ്ങളും ഉപയോഗിക്കും. ഓഗസ്റ്റ് 24 മുതൽ അനുവദിച്ച പരമാവധി സിം കാർഡ് പരിധിയിലെത്തിയ ഉപഭോക്താക്കളുടെ ഫോട്ടോകൾ ടെലി കമ്യൂണിക്കേഷൻ വകുപ്പിന് ലഭ്യമാകും. കമ്പനികൾ ഈ വിവരങ്ങൾ ദിവസവും പരിശോധിച്ച് പരിധിക്കപ്പുറം പുതിയ കണക്ഷൻ എടുക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്തും.