തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷം അടുത്തെത്തിയതോടെ നേന്ത്രക്കായുടെ വിപണി വില വന്‍തോതില്‍ ഉയര്‍ന്നു. കര്‍ഷകര്‍ക്ക് നിലവില്‍ കിലോഗ്രാമിന് 70 മുതല്‍ 75 രൂപ വരെയാണ് ലഭിക്കുന്നത്. ഒരു മാസം മുമ്പ് ഇത് 45 രൂപയായിരുന്നു. കര്‍ഷക വില ഇത്രയധികം കൂടിയതോടെ പൊതുവിപണിയില്‍ നേന്ത്രക്കായുടെ വില 80 രൂപയ്ക്കും മുകളിലാണ് നില്‍ക്കുന്നത്.

ഉത്പാദനത്തിലുണ്ടായ കുറവാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വയനാട്ടില്‍ നിന്നുള്ള നേന്ത്രക്കുലകളുടെ വരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതിനുപുറമെ, തമിഴ്‌നാട്ടിലെ മേട്ടുപ്പാളയം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ നിന്നുള്ള ചരക്കുനീക്കവും കുറഞ്ഞു. കഴിഞ്ഞ സീസണുകളില്‍ അര്‍ഹമായ വില ലഭിക്കാതെ വന്നതിനാല്‍ ഒട്ടേറെ കര്‍ഷകര്‍ വാഴകൃഷിയില്‍ നിന്നും പിന്മാറിയതും നിലവിലെ പ്രതിസന്ധിക്ക് ആക്കംകൂട്ടി.

ഓണസദ്യയില്‍ പ്രധാനിയായ ഞാലിപ്പൂവന്‍ ഉള്‍പ്പെടെയുള്ള ചെറുപഴങ്ങള്‍ക്കും മികച്ച വിലയുണ്ട്. ഞാലിപ്പഴത്തിന് കിലോഗ്രാമിന് 80 രൂപയിലധികമാണ് വിപണിയില്‍ ഈടാക്കുന്നത്. എന്നാല്‍ ഇവയുടെ ഉത്പാദനത്തിലും വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.