തിരുവനന്തപുരം: ലേണേഴ്‌സ് ടെസ്റ്റിനും ഡ്രൈവിങ് ടെസ്റ്റിനും സ്ലോട്ട് കിട്ടുന്നില്ലെന്ന പരാതിയില്‍ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സ്‌കൂളുകളുടെയും കോളജുകളുടെയും കമ്പ്യൂട്ടര്‍ ലാബ് ഹാളുകള്‍ വാടകയ്ക്ക് എടുക്കാനാണ് ആലോചന. കമ്പ്യൂട്ടര്‍ ലാബ് ഹാളുകള്‍ കണ്ടെത്താന്‍ ആര്‍ടിഒമാര്‍ക്ക് ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്‍കി. മീഡിയവണ്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി.

ഡ്രൈവിങ് ടെസ്റ്റ് സംബന്ധിച്ച പുതുക്കിയ സര്‍ക്കുലര്‍ കര്‍ശനമായി പാലിക്കാനും നിര്‍ദേശമുണ്ട്. ലേണേഴ്‌സ് ടെസ്റ്റ് പാസായിക്കഴിഞ്ഞ് ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിച്ചാല്‍ പരമാവധി 45 ദിവസത്തിനുള്ളില്‍ സ്ലോട്ട് അനുവദിക്കണം. വീഴ്ചവരുത്തിയാല്‍ നടപടിയുണ്ടാകുമെന്നും ഗതാഗത കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി.