കോഴിക്കോട്: കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ടതിന് ശേഷം ഉപാധികൾ ലംഘിച്ച് തിരിച്ചെത്തിയ ക്രിമിനൽ കേസ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് അരക്കിണർ മാത്തോട്ടം സ്വദേശി അൻസാറിനെയാണ് (36) ബേപ്പൂർ പൊലീസ് പിടികൂടിയത്. ബേപ്പൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഇയാളുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ട്.

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി വെള്ളയിൽ, നടക്കാവ്, ടൗണ്‍, മാറാട്, കസബ, പന്നിയങ്കര, ബേപ്പൂർ, ചെമ്മങ്ങാട്, കൊണ്ടോട്ടി തുടങ്ങിയ വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് ഇയാൾക്കെതിരെ കേസുകളുള്ളത്. ലഹരിമരുന്ന് ഉപയോഗിച്ച് ആളുകളെ ഭീഷണിപ്പെടുത്തൽ, കവർച്ച, തടഞ്ഞുനിർത്തി ഗുരുതരമായി ദേഹോപദ്രവമേൽപ്പിക്കൽ, കൊലപാതകശ്രമം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഇയാൾ പ്രതിയാണ്.

തുടർച്ചയായി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് കോഴിക്കോട് സിറ്റി പോലീസ് പരിധിയിൽ പ്രവേശിക്കുന്നതിൽ നിന്നും കുറ്റകൃത്യങ്ങളിൽ ഇടപെടുന്നതിൽ നിന്നും ഒരു വർഷത്തേക്ക് ഇയാൾക്ക് കാപ്പ നിയമപ്രകാരം വിലക്കേർപ്പെടുത്തിയിരുന്നത്. എന്നാൽ ഈ ഉത്തരവ് ലംഘിച്ച് അൻസാര്‍ രഹസ്യമായി വീട്ടിലെത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.