മലപ്പുറം: ഓണത്തോടനുബന്ധിച്ച് ഞായറാഴ്ചയിലെയും നബിദിനത്തിലെയും പൊതു അവധികൾ പുനഃക്രമീകരിച്ച് റേഷൻ കടകൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന സർക്കാർ നിർദേശത്തിൽ റേഷൻ വ്യാപാരികൾക്കിടയിൽ പ്രതിഷേധം. ഇന്നത്തെ ഞായറാഴ്ച അവധിയും 25 ചൊവ്വാഴ്ചയിലെ  നബിദിന അവധിയുമാണ് സർക്കാർ മാറ്റിയത്. ഈ രണ്ട് ദിവസങ്ങളിലും സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളും  തുറക്കണമെന്നാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ ഉത്തരവ്. പകരമായി ഈമാസം 27 വ്യാഴാഴ്ചയും അടുത്ത മാസം 2നും അവധി നൽകിയിട്ടുണ്ട്.

ഈ മാസം 25ന് വരുന്ന നബിദിനത്തിന് നേരത്തെ പൊതു അവധി ആയിരുന്നു. ഇപ്പോൾ അതിനെ നിയന്ത്രിത അവധിയാക്കി മാറ്റിയാണ് സർക്കാർ ക്രമീകരണം നടത്തിയിരിക്കുന്നത്. ഓണക്കിറ്റ് വിതരണം, ഓണം പ്രമാണിച്ചുള്ള അധിക ഭക്ഷ്യധാന്യ വിതരണം, വൈകിയെത്തിയ സ്‌പെഷൽ അരിയുടെ വിതരണം എന്നിവ വേഗത്തിൽ പൂർത്തിയാക്കാനാണ് അവധി ദിവസങ്ങൾ പോലും പ്രവൃത്തി ദിനമാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.