മലപ്പുറം: തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയ (37) ആണ് ഭർത്താവായ ഹുസൈൻ്റെ ക്രൂരകൃത്യത്തിന് ഇരയായത്. രാത്രിയിൽ മീൻ വാരാനെന്ന് പറഞ്ഞ് ഫൗസിയയെ വീട്ടിൽനിന്ന് കൊണ്ടുപോയ ഹുസൈൻ, കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് മൃതദേഹം ചാക്കിൽ കെട്ടി നങ്കൂരത്തിൽ താഴ്ത്തി. സംഭവത്തിന് പിന്നാലെ പ്രതി ഹുസൈനെ തിരൂർ പൊലീസ് ബസിൽനിന്ന് പിടികൂടി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ആണ് തിരൂർ പുഴയിലെ പടിഞ്ഞാറേക്കര ജെട്ടി വൈനിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. രാത്രിയോടെ മൃതദേഹം കാണാതായ ഫൗസിയയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
പൊലീസ് നടത്തിയ പരിശോധനയിൽ ശനിയാഴ്ച രാവിലെ തിരൂർ പൂക്കയിൽ വെച്ച് ബസിൽ നിന്നാണ് ഹുസൈനെ പിടികൂടിയത്. സ്റ്റേഷനിൽ എത്തിച്ച ശേഷം നടത്തിയ ചോദ്യംചെയ്യലിൽ ഹുസൈൻ കുറ്റം സമ്മതിച്ചു.