ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ ടിക്കറ്റ് നിഷേധിച്ച കണ്ടക്ടര്‍ക്കെതിരെ നടപടി. കണ്ടക്ടറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. ഏറ്റുമാനൂര്‍-ചങ്ങനാശ്ശേരി റൂട്ടില്‍ ഓടുന്ന തണ്ടപ്ര ബസ്സിലെ കണ്ടക്ടര്‍ ഹരികൃഷ്ണന്റെ ലൈസന്‍സാണ് റദ്ദാക്കിയത്. മീഡിയവണ്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി.

ഇന്നലെ സ്‌കൂളിലെ ഓണാഘോഷം കഴിഞ്ഞ് മടങ്ങിയ കുട്ടികള്‍ യൂണിഫോമില്‍ അല്ലാത്തതുകൊണ്ട് കണ്‍സഷന്‍ ടിക്കറ്റ് നല്‍കിയിരുന്നില്ല. മറ്റു യാത്രക്കാരോട് പണം യാചിച്ചാണ് വിദ്യാര്‍ഥികള്‍ ഫുള്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്തത്. രണ്ട് രൂപ ടിക്കറ്റ് നല്‍കേണ്ട സ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്ക് ഇരുപത് രൂപ നല്‍കേണ്ടി വന്നു. അഞ്ചിലും ആറിലും പഠിക്കുന്ന ഇരുപതിലധികം വിദ്യാര്‍ഥികള്‍ക്കാണ് കണ്ടക്ടര്‍ കണ്‍സഷന്‍ നിഷേധിച്ചത്.

സംഭവത്തില്‍ രക്ഷിതാക്കള്‍ കോട്ടയം ആര്‍ടിഒയ്ക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും പരാതി നല്‍കി. തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശപ്രകാരം കണ്ടക്ടറുടെ മോശം പെരുമാറ്റം കൂടി കണക്കിലെടുത്താണ് ലൈസന്‍സ് റദ്ദാക്കിയത്.