നെയ്യാറ്റിൻകര: ആശുപത്രി വളപ്പിൽ പൊതിച്ചോർ വിതരണം വിലക്കുന്നതിനെ ഇപ്പോൾ സിപിഎം വിമർശിക്കുമ്പോൾ നെയ്യാറ്റിൻകര ജനറൽ ആശുപത്രി വളപ്പിൽ പൊതിച്ചോർ വിതരണത്തിന് 6 വർഷമായി സിപിഎമ്മിന്റെ വിലക്ക്. യുഡിഎഫ് സർക്കാർ അധികാരമേറ്റിട്ടും പൊതിച്ചോർ വിതരണം ആശുപത്രിക്കു പുറത്തുതന്നെ. കോൺഗ്രസിന്റെ വിചാർ വിഭാഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് കാലത്താണ് ആശുപത്രിയിൽ ഉച്ചഭക്ഷണ വിതരണം ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.മുരളീധരനും ഉൾപ്പെടെ ഒട്ടേറെ മുതിർന്ന നേതാക്കൾ പൊതിച്ചോർ വിതരണത്തിന് എത്തി. എല്ലാവരും ആശുപത്രിക്കു പുറത്ത്, റോഡുവക്കിൽ നിന്നാണു പൊതിച്ചോർ നൽകിയത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള പൊതിച്ചോർ ആശുപത്രി വളപ്പിൽ വിതരണം ചെയ്യാൻ ശ്രമിച്ചെങ്കിലും എതിർപ്പുണ്ടായെന്ന് വിചാർവിഭാഗ് ജില്ലാ ചെയർമാൻ കെ.വിനോദ് സെൻ പറഞ്ഞു.

ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിലുള്ള ആശുപത്രി ആയതിനാൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാറിനെ കണ്ടു. ഗതാഗതത്തിരക്ക് ഉള്ളതിനാൽ റോഡുവക്ക് സുരക്ഷിതമല്ലെന്നും ആശുപത്രിക്കുള്ളിൽ പൊതിച്ചോർ വിതരണം ചെയ്യാൻ അനുവദിക്കണമെന്നും അഭ്യർഥിച്ചു. അനുമതി നൽകില്ലെന്നായിരുന്നു മറുപടി. കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ ഇടപെട്ടിട്ടും വിട്ടുവീഴ്ച ചെയ്തില്ല. പിന്നീട് അന്നത്തെ നെയ്യാറ്റിൻകര എംഎൽഎ കെ.ആൻസലനെ സമീപിച്ചു. ആശുപത്രി വളപ്പിൽ പൊതിച്ചോർ വിതരണം ചെയ്യരുതെന്നായിരുന്നു അദ്ദേഹത്തിന്റെയും നിലപാടെന്നു വിനോദ് സെൻ പറഞ്ഞു.