കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ കടുക്കുന്നു. തുടർച്ചയായ നാലാം ദിവസവും രാജ്യത്തെ നിരവധി വൈദ്യുതി ഉൽപാദന, ജലശുദ്ധീകരണ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണമുണ്ടായതായി കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെ തുടർന്ന് പല സുപ്രധാന കേന്ദ്രങ്ങളിലും വൻ തീപിടുത്തമുണ്ടായി.

സംഭവം നടന്ന ഉടൻ തന്നെ കുവൈത്ത് ഫയർ ഫോഴ്‌സുമായും സുരക്ഷാ അധികൃതരുമായും ഏകോപിപ്പിച്ച് മന്ത്രാലയത്തിലെ അടിയന്തര പ്രതികരണ സംഘങ്ങൾ സ്ഥലത്തെത്തി. രക്ഷാസേനയുടെ കൃത്യസമയത്തുള്ള ഇടപെടൽ മൂലം തീ വിജയകരമായി അണയ്ക്കാൻ സാധിച്ചു.  ആക്രമണത്തിൽ പ്ലാന്റുകൾക്കുണ്ടായ നാശനഷ്ടങ്ങൾ അധികൃതർ വിലയിരുത്തി വരികയാണ്.

തകരാറിലായ കേന്ദ്രങ്ങളുടെ അറ്റകുറ്റപ്പണികളും പുനരധിവാസ പദ്ധതികളും നിലവിൽ ദ്രുതഗതിയിൽ നടപ്പിലാക്കി വരുന്നു.

രാജ്യത്തെ വൈദ്യുതി, ജല വിതരണ സംവിധാനങ്ങളുടെ സ്ഥിരത തകരാതിരിക്കാനും വിലകൂടിയ ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമായി മുൻകരുതൽ നടപടിയുടെ ഭാഗമായി നിരവധി വൈദ്യുതി ഉൽപാദന യൂണിറ്റുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ വ്യക്തമാക്കി.