വടകര: വടകരയിൽ റെയിൽവേ ട്രാക്കിനു സമീപം അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി. ജെടി റോഡിനോട് ചേർന്നുള്ള റെയിൽവേ ട്രാക്കിനരികിലാണ് മൃതദേഹം കണ്ടത്. ഇന്നലെ രാത്രി യോടെയാണ് നാട്ടുകാർ മൃതദേഹം കാണുന്നത്.
മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നാൽപതിനടുത്ത് പ്രായം തോന്നിക്കുന്ന യുവാവാണ്. പാന്റ്സും ഷർട്ടുമാണ് വേഷം. ട്രെയിനിൽ നിന്ന് വീണതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വിവരം ലഭിച്ച ഉടൻ വടകര പൊലീസും റെയിൽവേ പൊലീസ് ആർപിഎഫും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മരിച്ചയാളെക്കുറിച്ച് എന്തെങ്കിലും വിവരം ഉള്ളവർ വടകര പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. സമീപ പ്രദേശങ്ങളിലെ കാണാതായവരുടെ പരാതികളുമായി ബന്ധിപ്പിച്ചും അന്വേഷണം നടക്കുന്നുണ്ട്. അപകട കാരണം കണ്ടെത്തുന്നതിനായി റെയിൽവേ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.