തലപ്പുഴ : തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വയനാട് ഗവ. എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ കോളേജ്
പരിസരത്തെ ഭക്ഷണശാലകളിൽ പഞ്ചായത്ത് അധികൃതർ കർശന പരിശോധന നടത്തി. ലൈസൻസില്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവർത്തിച്ച മൂന്ന് തട്ടുകടകൾ ആരോഗ്യവിഭാഗം പൂട്ടിച്ചു.
ലൈസൻസില്ലാതെ പ്രവർത്തിച്ച പാട്ടിയോ, അജ്‌വ എന്നീ തട്ടുകടകളും, വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ബാപ്പൂട്ടി തട്ടുകടയുമാണ് അടപ്പിച്ചത്. കൂടാതെ 'ഉപ്പും മുളകും' എന്ന വനിതാ മെസ്സിന് ശുചിത്വമില്ലായ്മ ചൂണ്ടിക്കാട്ടി നോട്ടീസ് നൽകുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.