വടകര: പോക്സോ കേസിലെ പ്രതി ചോമ്പാല പോലീസിന്റെ പിടിയിലായി. ചെരണ്ടത്തൂർ സ്വദേശി നീലിയേടത്ത് മീത്തൽ എൻ.എം ചന്ദ്രനെയാണ് (59) പോക്സോ കേസിൽ ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂൺ 16-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
രാവിലെ സ്കൂളിലേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിയെ മുക്കാളിയിൽ വെച്ച് പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. തുടർന്ന് കുട്ടിയെ സ്കൂൾ ബസ് സ്റ്റോപ്പിൽ ഇറങ്ങാൻ അനുവദിക്കാതെ ബസിൽ തന്നെ വടകരയിലേക്ക് കൊണ്ടുപോയതായും പരാതിയിലുണ്ട്.
ബസിലെ സി.സി.ടി.വി ദൃശ്യങ്ങളും കുട്ടിയിൽ നിന്ന് ലഭിച്ച പ്രതിയുടെ അടയാള വിവരങ്ങളും അടിസ്ഥാനമാക്കി പോലീസ് വിശദമായ ശാസ്ത്രീയ അന്വേഷണം നടത്തി. രൂപസാദൃശ്യമുള്ള നിരവധി പേരെ നിരീക്ഷിച്ച ശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടാനായത്.
അറസ്റ്റിലായ പ്രതിയെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ചോമ്പാല എസ്.എച്ച്.ഒ ഷമീൽ പി.പി, എ.എസ്.ഐ സിജിൽ കുമാർ, എസ്.സി.പി.ഒ ഷമീർ വി.കെ.ടി, സി.പി.ഒ മാരായ രജീഷ് ആർ, രാജേഷ് എം.കെ, ശ്രീജേഷ് സി. എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.