തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെൻ്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്ന നിതിൻ രാജ് ജീവനൊടുക്കിയ കേസ് അന്വേഷിക്കാൻ ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ പുതിയ സംഘത്തെ നിയോഗിച്ചു. കുടുംബത്തിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേസിലെ മുഖ്യ പ്രതി ഡോ. എം.കെ റാമിൻ്റെ അറസ്റ്റിൽ നടപടിക്രമങ്ങളിൽ വീഴ്‌ചയുണ്ടായോ എന്ന് പരിശോധിക്കും. ഇക്കാര്യത്തിൽ ഉത്തരമേഖല ഐജിയോട് മന്ത്രി റിപ്പോർട്ട് തേടി.

മൂന്ന് മാസമായി ഒളിവിൽ കഴിയുന്ന ഡോ. എം.കെ റാമിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുപ്രിംകോടതി മുൻകൂർ ജാമ്യഹരജി തള്ളിയതിന് പിന്നാലെയാണ് കുടകിൽ വെച്ച് ഇയാളെ പിടികൂടിയത്. റാമിന് ഒളിവിൽ കഴിയാൻ പൊലീസ് സഹായിച്ചുവെന്ന ആരോപണം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് അന്വേഷിക്കാൻ പുതിയ സംഘത്തെ നിയോഗിച്ചത്.

ഇന്നലെ അറസ്റ്റ് ചെയ്തെങ്കിലും നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കാട്ടി തലശേരി ജില്ലാ സെഷൻസ് കോടതി ഡോ. റാമിനെ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെ കോടതി വളപ്പിൽവച്ച് ക്രൈംബ്രാഞ്ച് വീണ്ടും കസ്റ്റഡിയിലെടുത്തു. നാടകീയ രംഗങ്ങൾക്ക് ശേഷം പിന്നീട് ഒരു മണിക്കൂറിന് നോട്ടീസ് നൽകി വിട്ടയക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഏപ്രിൽ 10നാണ് തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജ് കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ ആത്മഹത്യ ചെയ്തത്. ഡോ. റാം ഉൾപ്പെടെ കോളജിലെ അധ്യാപകരിൽ നിന്നും കടുത്ത മാനസിക പീഡനങ്ങളും ജാതി അധിക്ഷേപങ്ങളും കുട്ടി നേരിട്ടിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് വ്യാപകമായ വിദ്യാർഥി പ്രക്ഷോഭങ്ങളാണ് ക്യാമ്പസിലും പുറത്തും അരങ്ങേറിയത്.