തെഹ്‌റാൻ: തുടർച്ചയായ പതിനൊന്നാം ദിവസവും ഇറാൻ നഗരങ്ങളിൽ കനത്ത വ്യോമാക്രണവുമായി യുഎസ്. ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ബോംബിടുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ഭീഷണി മുഴക്കി. 3,700 കോടി ഡോളർ ആണ് യുദ്ധത്തിന് ഇതുവരെ അമേരിക്ക ചെലവിട്ടത്. യുഎസ് ആക്രമണത്തിനെതിരെ കുവൈത്തിൽ ഇറാൻ തിരിച്ചടിച്ചു. വൈദ്യുത, ജലശുദ്ധീകരണ കേന്ദ്രങ്ങൾക്ക് എതിരായ ആക്രമണത്തെ ജിസിസി രാജ്യങ്ങൾ അപലപിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ തുറമുഖ നഗരങ്ങളിലും ദ്വീപുകളിലുമാണ് യുഎസ് ആക്രമണം നടത്തിയിരുന്നത്. എന്നാൽ ഇന്ന് തെഹ്‌റാൻ, തബ്‌രീസ്, ബലൂച് മേഖലയിലെല്ലാം യുഎസ് ശക്തമായ ആക്രമണമാണ് നടത്തുന്നത്. സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് പറയുന്നുണ്ടെങ്കിലും സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണം നടന്നതായാണ് വിവരം.

ഹോർമുസിലും സ്ഥിതിഗതികൾ അപകടകരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം ഒരു കപ്പലിന് നേരെ ഇറാൻ ആക്രമണം നടന്നിരുന്നു. സൗദിക്ക് എതിരായ ഹൂതി ഉപരോധവും ഹോർമുസിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്. ഹോർമുസിലെ പ്രതിസന്ധി ആഗോള എണ്ണ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്.