വാഷിങ്ടൺ: പാക് മധ്യസ്ഥതയിൽ തെഹ്റാനിൽ തുടരുന്ന ചർച്ചയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒട്ടും തൃപ്തനല്ലെന്ന് റിപ്പോർട്ട്. ഇറാൻ കൈമാറിയ നിർദേശങ്ങൾ ഒരു കരാറിലേക്ക് വരാനുള്ള സാധ്യതയില്ലെന്നും ട്രംപ് കരുതുന്നു.

ഇറാന് മേൽ ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന വ്യാപക ആക്രമണം നടത്തി യുദ്ധവിജയം പ്രഖ്യാപിച്ച് പിൻവാങ്ങാനാണ് ട്രംപിന്റെ തീരുമാനം. സൗദി അറേബ്യ, തുർക്കി, ജോർദാൻ നേതാക്കളുമായി ട്രംപ് ഫോണിൽ സംസാരിച്ചു. യുദ്ധവിരാമവും ഉപരോധം പിൻവലിക്കലും ഹോർമുസിന്റെ സുരക്ഷ ഉറപ്പാക്കലുമാണ് പ്രധാനമെന്ന് ഇറാൻ നേതൃത്വം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ആഴ്ചകൾ കൊണ്ടും ഒരു കരാർ ഉണ്ടാവുക എളുപ്പമല്ലെന്നാണ് ഇറാൻ വിലയിരുത്തൽ. ഇറാൻ എന്ത് ചെയ്യും എന്ന് കാത്തിരിക്കുകയാണെന്ന് ട്രംപ് പ്രതികരിച്ചു. ഇറാനിൽ എത്തിയ പാക് സൈനിക മേധാവി അസിം മുനീർ ഇറാൻ നേതാക്കളുമായി ഇന്ന് സുപ്രധാന ചർച്ച നടത്തും.

‌ഇറാനുമായി കരാർ രൂപപ്പെടുത്താനോ ഹോർമുസ് തുറക്കാനോ തിരക്കില്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. അതേസമയം, ഇറാന്‍റെ കൂടുതൽ എണ്ണ കപ്പലുകൾ പിടിച്ചെടുക്കുമെന്നും ഉപരോധം ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഹോർമുസിന്‍റെ പുതിയ മാപ്പ് പുറത്തുവിട്ട ഇറാൻ, ബലപ്രയോഗത്തിലൂടെ കപ്പലുകൾ കൊണ്ടുപോകാൻ തുനിഞ്ഞാൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് അമേരിക്കക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആക്രമണം പുനരാരംഭിച്ചാൽ ശത്രു ഖേദിക്കേണ്ടി വരുമെന്ന് ഇറാൻ സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് മുന്നറിയിപ്പ് നൽകി