ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അരനൂറ്റാണ്ടുകാലം നിലനിന്ന ഒരു രാഷ്ട്രീയ ചരിത്രം വഴിമാറുന്നു. തമിഴ് സിനിമയിലെ സൂപ്പർതാരം ജോസഫ് വിജയ് ചന്ദ്രശേഖർ (വിജയ്) തന്റെ ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടത്തിലൂടെ തമിഴ്‌നാട് നിയമസഭയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. 1977-ൽ എം.ജി. രാമചന്ദ്രൻ (എം.ജി.ആർ) കുറിച്ച റെക്കോർഡിന് ശേഷം ഇതാദ്യമായാണ് ഒരു സിനിമ താരം സ്വന്തം പാർട്ടി രൂപീകരിച്ച് തമിഴ് മണ്ണിൽ ഇത്രയും വലിയ മുന്നേറ്റം നടത്തുന്നത്.
1972-ൽ ഡി.എം.കെ വിട്ട് എ.ഐ.എ.ഡി.എം.കെ രൂപീകരിച്ച എം.ജി.ആർ, 1977-ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി മുഖ്യമന്ത്രിയായി. അതിനുശേഷം തമിഴ്‌നാട്ടിൽ ശിവാജി ഗണേശൻ മുതൽ വിജയകാന്തും കമൽ ഹാസനും വരെ സ്വന്തം പാർട്ടികളുമായി രംഗത്തെത്തിയെങ്കിലും, എം.ജി.ആറിനെപ്പോലെ ഒരു 'ക്ലീൻ സ്വീപ്പ്' നടത്താനോ മുഖ്യമന്ത്രി കസേരയിലെത്താനോ ആർക്കും സാധിച്ചില്ല. ഈ കാത്തിരിപ്പിനാണ് വിജയ് ഇപ്പോൾ അന്ത്യം കുറിക്കാൻ ഒരുങ്ങുന്നത്.
തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ തലവനുമായ എം.കെ. സ്റ്റാലിന് ഞെട്ടിക്കുന്ന തോൽവി. പാർട്ടിയുടെ ശക്തികേന്ദ്രമായ കൊളത്തൂർ സീറ്റിൽ തമിഴക വെട്രി കയകം (ടി.വി.കെ) സ്ഥാനാർഥി വി.എസ്. ബാബുവാണ് സ്റ്റാലിനെ അട്ടിമറിച്ചത്.
7700 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്റ്റാലിന്‍റെ തോൽവി. എ.ഐ.എ.ഡി.എം.കെ സ്ഥാനാർത്ഥി ആർ. ശാന്തനകൃഷ്ണൻ മൂന്നാം സ്ഥാനത്തായി. ഡി.എം.കെ അധ്യക്ഷന്‍ കൂടിയായ സ്റ്റാലിൻ 2011 മുതൽ കയ്യടക്കിവച്ച സീറ്റാണ് കൊളത്തൂർ. 2021ൽ എ.ഐ.എ.ഡി.എം.കെയുടെ ആദി രാജാറാമിനെതിരെ 70,384 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്റ്റാലിൻ കൊളത്തൂരില്‍നിന്നു ജയിച്ചുകയറിയത്. ടിവികെയുടെ ജോയിന്റ് ജനറൽ സെക്രട്ടറി വി.എസ്. ബാബു.