ന്യൂഡൽഹി: സ്കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് കേന്ദ്ര സർക്കാർ. സുപ്രിംകോടതിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ഇതിനായുള്ള സമിതി ശിപാർശ ചെയ് പ്രകാരമാണ് സ്കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കുക. സമിതിയുടെ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചതായും കോടതിയുടെ അനുമതി ലഭിച്ചാൽ ഉടൻ പദ്ധതി നടപ്പാക്കുമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സുപ്രിംകോടതിയെ അറിയിച്ചു.

വിഷയത്തിൽ കേന്ദ്ര സർക്കാർ നേരത്തെ തന്നെ സംസ്ഥാനങ്ങളുടെ നിലപാട് തേടിയിരുന്നു. എന്നാൽ പല സംസ്ഥാനങ്ങളും നിലപാട് അറിയിച്ചിട്ടില്ല. എന്നാൽ, കോടതിയുടെ അനുമതി ലഭിച്ചാൽ രാജ്യത്ത് ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ തയാറാണെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.

വനിതാ ശിശുവികസന മന്ത്രാലയത്തിൻ്റെ നേതൃത്വത്തിലുള്ള 26 അംഗ വിദഗ്‌ധ സമിതിയാണ് സ്കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനെ കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്. ലൈംഗിക വിദ്യാഭ്യാസം, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ എന്നിവ പാഠ്യപദ്ധതിയുടെ കേന്ദ്ര വിഷയമാകും. സുരക്ഷ, ശരീരഭാഗങ്ങൾ, ശുചിത്വം, നല്ലതും മോശവുമായ സ്പർശനങ്ങൾ തുടങ്ങിയവ പ്രാഥമികതലം മുതൽ പഠിപ്പിക്കും. പോക്സോ നിയമത്തെ കുറിച്ച് വ്യക്തമായ അവബോധം വിദ്യാർഥികളിലുണ്ടാക്കും.

പ്രാഥമിക തലം മുതൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും സമിതി റിപ്പോർട്ട് ചെയ്തിരുന്നു. ആഴ്ചയിൽ രണ്ടുതവണ 15 മുതൽ 20 മിനിറ്റ് വരെയുള്ള ക്ലാസുകൾ നടത്തണം. വിദഗ്ധ പരിശീലനം ലഭിച്ച അധ്യാപകരെ ഇതിനായി നിയോഗിക്കണം. മാതാപിതാക്കളെയും അധ്യാപകരെയും ഉൾപ്പെടുത്തി കുട്ടികളുടെ വളർച്ചാ ഘട്ടങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കാൻ സമിതി ശുപാർശ ചെയ്തിട്ടുണ്ട്.